“മിസ്റ്റര്‍ 36 അവതരിപ്പിക്കുന്നു” – മോദിക്ക് രാഹുല്‍ ഗാന്ധിയുടെ തകര്‍പ്പന്‍ മറുപടി

Jaihind Webdesk
Sunday, December 9, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഗ്രാമഫോണ്‍’ പരാമര്‍ശത്തിന് തകര്‍പ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “മിസ്റ്റര്‍ 36” എന്ന് സംബോധന ചെയ്തുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാഹുല്‍ ഗാന്ധി രസകരമായി മോദിക്ക് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഗാന്ധി കുടുംബാംഗങ്ങളെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ചേര്‍ത്തുള്ളതാണ് വീഡിയോ.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ബി.ജെ.പി നേതാക്കളുമായി സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. ഗ്രാമഫോൺ കേടായാല്‍ അത് പാടിയതുതന്നെ പാടിക്കൊണ്ടിരിക്കും എന്നായിരുന്നു മോദിപറഞ്ഞത്. പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് എന്നതാണ് മോദി ഇതിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ കുറിക്കുകൊള്ളുന്ന ട്രോള്‍ വീഡിയോയിലൂടെയാണ് രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയത്.

“മിസ്റ്റര്‍ 36 അവതരിപ്പിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടി ഇത് ഷെയര്‍ ചെയ്യുക. അവരും ഇത് ആസ്വദിക്കട്ടെ.” എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തത്.

52 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ മോദിയുടെ ഗ്രാമഫോണ്‍ പരാമര്‍ശവും, തുടര്‍ന്നുള്ള ഭാഗത്ത് ഗാന്ധി കുടുംബത്തിലെ അംഗങ്ങളെക്കുറിച്ച് പറയുന്ന ഭാഗങ്ങളും തുടര്‍ച്ചയായി കോര്‍ത്തിണക്കിയുള്ളതാണ് വീഡിയോ.