‘രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു’: എം.കെ സ്റ്റാലിന്‍

Jaihind Webdesk
Monday, December 26, 2022

 

ചെന്നൈ: രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭാരത് ജോഡോ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുന്നത് പ്രത്യയശാസ്ത്രമാണെന്നും അതുകൊണ്ടാണ് ചിലർ ശക്തമായി അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ, നെഹ്‌റുവിനെക്കുറിച്ച് രചിച്ച ‘ മമനിതർ നെഹ്‌റു’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു സ്റ്റാലിന്‍റെ പ്രസ്താവന. മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവും  അദ്ദേഹം ഉയർത്തി.

“രാഹുലിന്‍റെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ, കക്ഷി രാഷ്ട്രീയമോ അല്ല പ്രത്യയശാസ്ത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. അതുകൊണ്ടാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുൽ ഗാന്ധിയുടെ സംഭാഷണങ്ങൾ ചിലപ്പോൾ നെഹ്റുവിനെപ്പോലെയാണ്. നെഹ്‌റുവിന്‍റെ അനന്തരാവകാശി അങ്ങനെ സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്‍റെയും അനന്തരാവകാശികൾ നടത്തുന്ന പ്രസംഗങ്ങള്‍ ഗോഡ്സെയുടെ പിൻഗാമികൾക്ക് വിഷമം മാത്രമേ ഉണ്ടാക്കൂ. ” – സ്റ്റാലിൻ പറഞ്ഞു. പ്രിയ സഹോദരൻ രാഹുൽ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. കന്യാകുമാരിയിൽനിന്ന് അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

മോദി ഭരണത്തില്‍ ജനാധിപത്യത്തിന്‍റെ അവസ്ഥ പരിതാപകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം നെഹ്‌റുവിന്‍റെ യഥാർത്ഥ മൂല്യം നമുക്ക് കാണിച്ചുതരുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്ത്  ഫെഡറലിസവും സമത്വവും മതേതരത്വവും സാഹോദര്യവും പുനഃസ്ഥാപിക്കാൻ ഗാന്ധിയേയും നെഹ്‌റുവിനെയും ആവശ്യമുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.