വയനാടിനെ ജനസാഗരമാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; ജനാധിപത്യത്തിന്‍റെ രാജകുമാരന് വീരോചിത വരവേല്‍പ്പൊരുക്കി ജനം

 

വയനാട്: ജനാധിപത്യത്തിന്‍റെ രാജകുമാരന് വയനാട്ടില്‍ രാജകീയ വരവേല്‍പ്പൊരുക്കി വോട്ടർമാർ. പതിനായിരങ്ങളാണ്  രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോയില്‍ പങ്കെടുത്തത്. അഞ്ചുലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവർത്തകർ.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വയനാട് നല്‍കിയത് വീരോചിത വരവേല്‍പ്പാണ്. മൂപ്പൈനാട് റിപ്പണ്‍ തലക്കലില്‍ ഹെലികോപ്റ്ററിറങ്ങിയ രാഹുല്‍ റോഡ് മാര്‍ഗമായിരുന്നു കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെത്തിയത്. തുടര്‍ന്ന് രാവിലെ പതിനൊന്നേകാലോടെ ആരംഭിച്ച റോഡ്‌ ഷോയില്‍ ലോക്‌സഭാ മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിലെയും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും വോട്ടർമാരുമാണ് അണിനിരന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡില്‍ നിന്നും തുറന്ന വാഹനത്തില്‍ രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആയിരങ്ങള്‍ അദ്ദേഹത്തിന് മുന്നിലും പിന്നിലുമായി ഒഴുകി നീങ്ങി.

രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രെട്ടറി കെ.സി. വേണുഗോപാല്‍, ദീപ ദാസ്മുന്‍ഷി, കനയ്യകുമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ അഡ്വ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, പി.കെ. ബഷീര്‍, മോന്‍സ് ജോസഫ് ഉള്‍പ്പെടെ നിരവധി ദേശീയ, സംസ്ഥാന നേതാക്കള്‍ റോഡ്‌ഷോയില്‍ അണിനിരന്നു.

രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കുന്നതിനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിനും നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ആയിരങ്ങളാണ് റോഡ്‌ ഷോ കടന്നുപോയ കല്‍പ്പറ്റയിലെ റോഡിനിരുവശത്തുമായി കാത്തുനിന്നത്. എല്ലാവരെയും കൈവീശിയും അഭിവാദ്യം ചെയ്തുമായിരുന്നു രാഹുലും പ്രിയങ്കയും കടന്നുപോയത്. ആവേശത്തോടെയുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ ജനസാഗരത്തിനിടയില്‍ പ്രകമ്പനങ്ങളായി മാറി.

റോഡ്‌ഷോ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപത്തായി അവസാനിപ്പിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു രാഹുല്‍ഗാന്ധി പത്രികാസമര്‍പ്പണത്തിനായി കളക്ടറേറ്റിലേക്ക് എത്തിയത്. വയനാട് സമീപകാലത്തെങ്ങും കാണാത്ത വിധത്തിലുള്ള ജനസഞ്ചയമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പത്രികാസമര്‍പ്പണത്തിന്‍റെ ഭാഗമായി കല്‍പ്പറ്റയിലെത്തിച്ചേർന്നത്.

Comments (0)
Add Comment