രാഹുല്‍ ഗാന്ധി കേരളത്തില്‍; യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കും

Jaihind Webdesk
Wednesday, March 13, 2019

Rahul-Gandhi-34

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി നാളെ തുടക്കം കുറിക്കും.

രാത്രി ഏഴ് നാൽപതോടെയാണ് രാഹുൽ ഗാന്ധി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ തുടങ്ങിയ നേതാക്കൾ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി റോഡ് മാർഗം തൃശൂരിലേക്ക് പോയി.  തൃശൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ ഡി.സി.സി പ്രസിഡന്‍റ് ടി.എന്‍ പ്രതാപന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളും രാമനിലയത്തിലെത്തി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. നാളെ  രാവിലെ 10 മണിക്ക് തൃപ്രയാറിൽ നടക്കുന്ന ഫിഷർമെൻ പാർലമെന്‍റിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തുടർന്ന് 12.15ന് ഹെലികോപ്റ്റർ മാർഗം കണ്ണൂരിൽ എത്തിച്ചേരും. കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് എടയന്നൂരിലെ രക്തസാക്ഷി ഷുൈഹബിന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അവിടെ നിന്നും ഒരുമണിയോടെ ഹെലികോപ്റ്റർ മാർഗം കാസർഗോഡേക്ക് പുറപ്പെടും. പെരിയയിൽ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയുടെ ഔപചാരിക ഉദ്ഘാടനവും കോൺഗ്രസ് അധ്യക്ഷൻ നിർവഹിക്കും. ഇതോടെ കേരളത്തിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാവും. മലബാർ ജില്ലകളെ കേന്ദ്രീകരിച്ചാണ് ജനമഹാറാലി സംഘടിപ്പിക്കുന്നത്. രാത്രിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.