രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇടപെട്ടു; ലോക്ക്ഡൗണില്‍ കുടുങ്ങിയ മഹാരാഷ്ട്ര സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു

Jaihind News Bureau
Wednesday, May 13, 2020

 

കൊച്ചി : റെയിൽവെ അപ്രന്‍റീസ് ട്രെയിംനിംഗിനായി കൊച്ചിയിലെത്തി ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ 53 മഹാരാഷ്ട്ര സ്വദേശികൾക്ക് കൈത്താങ്ങായി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ഇടപെട്ടതോടെ 53 പേർ രണ്ട് ബസുകളിലായി ഇന്നലെ കൊച്ചിയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് യാത്ര തിരിച്ചു.

അപ്രന്‍റീസ് ട്രെയിനിംഗ് പൂർത്തിയാക്കി ഏപ്രിൽ 12 ന് നാട്ടിലേക്ക് മടങ്ങാനിരുന്നവരാണ് ലോക്ക്ഡൗണിനെ തുടർന്ന് കൊച്ചിയിൽ കുടുങ്ങിയത്. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഇവർ മഹാരാഷ്ട്രയിലെ പ്രദേശിക കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുകയും അവിടെ നിന്ന് വിഷയം എറണാകുളം ഡി.സി.സിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഡി.സി.സി സെക്രട്ടറി രാജു പി നായരുടെ നേതൃത്വത്തിൽ എല്ലാം കടമ്പകളും ഞൊടിയിടയിൽ പൂർത്തിയാക്കി ജില്ലാ കളക്ടറിൽ നിന്നും അനുമതി വാങ്ങിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെ രണ്ട് ബസുകളിൽ ഇവർ മഹാരാഷ്ട്രയിലേക്ക് യാത്ര തിരിച്ചു. ഹൈബി ഈഡൻ എം.പി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

തങ്ങളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർട്ടിയോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന് യാത്രികരിൽ ഒരാളായ നിതിൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾ താണ്ടി മഹാരാഷ്ട്രയിൽ എത്തുന്ന ബസ് തിരികെ മടങ്ങുമ്പോൾ അവിടെ കുടുങ്ങിയ 43 മലയാളികളെയും വഹിച്ചാകും കേരളത്തിലെത്തുക.