മണ്ഡലത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കണം ; രവിശങ്കര്‍ പ്രസാദിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Wednesday, June 30, 2021

കല്‍പ്പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിലെ മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിന് രാഹുല്‍ ഗാന്ധി കത്തയച്ചു.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തത് മൂലം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വനാര്‍ത്തി മേഖലയിലടക്കം കഴിയുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്താന്‍ സാധിക്കുന്നില്ല. ഗോത്ര വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നെറ്റ്വര്‍ക്ക് തേടി ദീര്‍ഘദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ അപര്യാപ്ത മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങിയാല്‍ ഗോത്രവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് തന്നെ കാരണമാകും. അതുകൊണ്ട് മൊബൈല്‍ നെറ്റ്വര്‍ക്ക്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.