രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്‍റെ ആദ്യ ദിനം പൂർത്തിയായി; വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

വയനാട്: മണ്ഡലത്തിലെ വികസന പദ്ധതികളെ എകോപിപ്പിച്ചും സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള മാർഗ നിർദേശങ്ങൾ നൽകിയും രാഹുൽ ഗാന്ധിയുടെ ആദ്യദിന വയനാട് സന്ദർശനം പൂർത്തിയായി. വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച രാഹുൽ കോൺഗ്രസ്‌ ഓഫീസും ഉദ്ഘാടനം ചെയ്തു.

വയനാട്ടിൽ പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപെടുത്തി നിർമിക്കുന്ന ചുണ്ടക്കര റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനവും പോഴുതന അത്തിമൂലയിൽ പ്രവൃത്തി പൂർത്തീകരിച്ച റോഡും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്‍റെയും മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിച്ചു.

വയനാട്ടില്‍ ഉൾപ്പടെ 30,000 കർഷകർക്ക്‌ നോട്ടീസ് ലഭിച്ച് ജപ്തി നടപടി നേരിടുകയാണന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 30,000 ത്തോളം കർഷകരുടെ മരണ വാറന്‍റ് ആണിതെന്ന് ഓർമിപ്പിച്ച രാഹുൽ
കർഷകനോട് മനുഷ്യത്വപരമായ ഇടപെടൽ ആണ് വേണ്ടതെന്നും പറഞ്ഞു. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർക്ക് നേരെ നടപടി എടുക്കാതെ കർഷകരുടെ നേരെ തിരിയുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇരിങ്ങാലക്കുട സ്വദേശിനിക്ക് കിഡ്നി ദാനം ചെയ്ത സിസ്റ്റര്‍ ഷാന്‍റി മാങ്ങോട്ടിലിനെ രാഹുൽ ഗാന്ധി എം.പി ആദരിച്ചു. സന്ദർശനത്തിനിടെ പൊതു ജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചും പരാതികൾ കേട്ടുമാണ് രാഹുൽ മുന്നോട്ട് പോകുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി, എംഎൽഎമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ, വയനാട് ഡിസിസി പ്രസിഡന്‍റ്‌ എൻ.ഡി അപ്പച്ചൻ തുടങ്ങിയവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.

Comments (0)
Add Comment