നിതിൻ ബാക്കിവച്ചത് സഹാനുഭൂതിയുടെ ഉദാത്ത മാതൃക; നിതിന്‍റെ വിയോഗത്തില്‍ ആതിരയ്ക്ക് ആശ്വാസമേകി രാഹുല്‍ ഗാന്ധി

നിഥിന്‍റെ വിയോഗത്തില്‍ ആതിരയ്ക്ക് ആശ്വാസമേകി രാഹുല്‍ ഗാന്ധിയുടെ സന്ദേശം.

ദുബായിൽ മരിച്ച സാമൂഹിക പ്രവർത്തകൻ നിതിൻ ചന്ദ്രന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചും ആതിരയെ ആശ്വസിപ്പിച്ചും രാഹുൽ ഗാന്ധി കത്തയച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ നിതിന്‍റെ വേർപാടിൽ ദുഃഖം അറിയിച്ചും ആതിരയെ ആശ്വസിപ്പിച്ചുമാണ് കത്ത്.

‘ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.   കൊവിഡ് കാലത്ത് സഹജീവികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച  നിതിൻ ചന്ദ്രന്‍റെ മരണം ഞെട്ടലായി. അദ്ദേഹത്തിന്‍റെ പ്രവർത്തനം യുവതലമുറയ്ക്കാകെ മാതൃകയാണ്. പ്രവാസികൾക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്‍റെ പ്രവൃത്തികളുടെ ഫലം അനുഭവിച്ചവരുടെയും അദ്ദേഹത്തെ അറിയുന്നവരുടെയും ഓർമ്മകളില്‍ എന്നും നിതിന്‍ ജീവിക്കും .

അവനെ നഷ്ടപ്പെട്ടതിലെ നിങ്ങളുടെ വേദന എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. ഈ വിഷമ സമയത്ത് എന്‍റെ ചിന്തയും പ്രാർത്ഥനയും  നിങ്ങളുടെ കുടുംബത്തോടൊപ്പമുണ്ട്.’ രാഹുല്‍ സന്ദേശത്തില്‍ പറയുന്നു.

യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിംഗിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെ യൂത്ത് വിംഗിന്‍റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന് നിതിന്‍റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു. ആതിരയുടെ പ്രസവസമയം ആകുമ്പോഴേക്കും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിതിന്‍. ഇതിനിടെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ഒരുനോക്ക് കാണാനാകാതെയാണ് നിതിന്‍ യാത്രയായത്. വിദേശത്തും നാട്ടിലും ഒരുപോലെ സാമൂഹികസേവന രംഗത്ത് സജീവമായിരുന്ന നിതിന്‍റെ വിയോഗം ജന്മനാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ജന്മനാടായ കോഴിക്കോട് പേരാമ്പ്രയിലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. രാവിലെ സ്വകാര്യ ആശുപത്രിയിലുള്ള ഭാര്യ ആതിരയെ കാണിച്ച ശേഷമാണ് ജന്മനാട്ടിലേക്ക് നിതിന്‍റെ ഭൗതിക ശരീരം കൊണ്ട് കൊണ്ട് പോയത്.

Comments (0)
Add Comment