സന്തോഷ്‌ ട്രോഫി താരം ജെസിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദന കത്ത്

നിലമ്പൂർ: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ അംഗമായ ജെസിനെ അനുമോദിച്ച് രാഹുല്‍ ഗാന്ധി എംപി. സ്വന്തം നാട്ടിൽ നിന്ന് നേടിയെടുത്ത വിജയം ഏറെക്കാലം ഓർമ്മിക്കപ്പെടുന്നതാണെന്നും ആ വിജയത്തിൽ അഭിനന്ദനങ്ങൾ നേരുന്നു എന്നും രാഹുല്‍ ഗാന്ധി അഭിനന്ദന കത്തില്‍ കുറിച്ചു.

‘തങ്ങളുടെ ടീമിന് വേണ്ടിയുള്ള കാണികളുടെ അടങ്ങാത്ത ആവേശത്തിന്‍റെയും ടീമിന്‍റെ തീവ്രമായ നിശ്ചയദാർഢ്യത്തിന്‍റെയും വിജയമാണിത്. ഈ വിജയത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ ജെസിനെ പോലെ വയനാട് മണ്ഡലത്തിലുള്ള ഒരു യുവതാരത്തിന്‌ സാധിച്ചു എന്നത് അഭിമാനകരമാണ്‌. നിങ്ങളുടെ വിജയം വളർന്നുവരുന്ന ഫുട്ബോൾ പ്രേമികൾക്ക് പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ യാത്രയിൽ നിങ്ങളെ പിന്തുണച്ച പരിശീലകനെയും കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു’- രാഹുൽ ഗാന്ധി എംപി കത്തിൽ പറയുന്നു

ഫുട്ബോളിനോടുള്ള അഭിനിവേശം സാധ്യതകളുടെ ഒരു ലോകം തുറന്ന് ജെസിനെ ഉയരങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഭാവി ഉദ്യമങ്ങളില്‍ വിജയിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്. നിലമ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ്‌ അഡ്വ. വി.എസ് ജോയി കത്ത് ജെസിന് കൈമാറി. ചടങ്ങിൽ വി.എ കരീം, എ ഗോപിനാഥ്, ഹംസകുരിക്കൾ, പാലോളി മെഹബൂബ്, ഷെറി ജോർജ്, ഇണ്ണി പാടിക്കുന്ന്, എം.കെ ബാലകൃഷ്ണൻ, റഷീദ് എറതാലി, മാനു, ഷുഹൈബ്‌, ഉമ്മർകോയ, കെ മുഹമ്മദലി, സെമീർ പുളിക്കൽ എന്നിവർ പങ്കെടുത്തു.

Comments (0)
Add Comment