ഈസ്റ്റർ ദിനത്തില്‍ രാഹുലിന്‍റെ   ഉച്ചഭക്ഷണം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം ; വീഡിയോ കോളില്‍ സംവദിച്ച് പ്രിയങ്കയും

Jaihind Webdesk
Sunday, April 4, 2021

 

കല്‍പ്പറ്റ : ഈസ്റ്റർ ദിനത്തില്‍ കൽപ്പറ്റ ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം  ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. ഉച്ചഭക്ഷണവേളയില്‍ പ്രിയങ്ക  ഗാന്ധിയും രാഹുലിന്റെ ഫോണിൽ വിഡിയോ കോളിലെത്തി കുട്ടികളോട് സംവദിച്ചു. എന്തൊക്കെയാണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക ചോദിച്ചു. ആവേശത്തോടെ കുട്ടികൾ വിഭവങ്ങൾ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തി. ഇതെന്‍റെ പുതിയ കൂട്ടുകാരാണെന്ന് രാഹുൽ പ്രിയങ്കയോട് പറയുന്നതും വിഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിലൂടെ  രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചു.

 

രാവിലെ പത്ത് മണിയോടെ വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലും ദർശനം നടത്തി. കണ്ണൂരിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം തിരുനെല്ലിയിലെത്തിയത്. ക്ഷേത്രം ട്രസ്റ്റി കേശവദാസ് , സെക്രട്ടറി സദാനന്ദൻ മറ്റ് ക്ഷേത്ര ഭാരവാഹികൾ, ജീവനക്കാർ തുടങ്ങിയവർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

എ ഐ. സി.സി സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. 20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പൊതുയോഗ വേദിയായ വെള്ളമുണ്ടയിലെത്തിയത്. വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്.