രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട്ടില്‍ പ്രിയങ്ക

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വയനാടുമായി വൈകാരികമായഅടുപ്പമാണുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ മുഴുവൻ ജനങ്ങളും തനിക്ക് സ്നേഹം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാന്‍ ലഭിച്ച അവസരം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

‘‘രാഹുൽ ഗാന്ധി രണ്ടു സീറ്റിൽ മത്സരിച്ചു. എന്നാൽ അതിൽ ഒരു സീറ്റ് ഒഴി‍യണം. രാഹുൽ റായ്ബറേലിയിൽ തുടരാൻ പാർട്ടി യോഗത്തിൽ തീരുമാനിച്ചു. ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലി. റായ്ബറേലി സീറ്റിൽ തുടരുന്നതാണു നല്ലതെന്നാണ് അവിടുത്തെ പാർട്ടി പ്രവർത്തകർ പറയുന്നത്. വയനാട്ടിലും ഇതേ ആവശ്യം ഉയർന്നു. പക്ഷേ, രണ്ടു സീറ്റിൽ തുടരാൻ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ ദുഃഖത്തോടെ വയനാട് ഒഴിയാൻ തീരുമാനിച്ചു. പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കും’’– മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിയങ്കാ  ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി അറിയിക്കാനായി വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഏറെ വൈകാരികമായാണ് അന്ന് പ്രതികരിച്ചത്. ഏതു മണ്ഡലം നിലനിർത്തും എന്നകാര്യം തന്നെ ധർമ്മസങ്കടത്തിലാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റായ്ബറേലി മണ്ഡലം നിലനിർത്തുമെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോഴും വയനാടിനൊപ്പം താന്‍ എന്നുമുണ്ടാകുമെന്നും അദ്ദേഹം അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. റായ്ബറേലി മണ്ഡലത്തിൽ 3.9 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലും വയനാട്ടിൽ 3.64 ലക്ഷം വോട്ടിനുമായിരുന്നു രാഹുലിന്‍റെ വിജയം.

Comments (0)
Add Comment