കണ്ണൂർ ഡിസിസിയുടെ ആസ്ഥാന മന്ദിരം ഇന്ന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

 

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ ഇന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 ന് ഓൺ ലൈനായി രാഹുൽ ഗാന്ധി ഉദ്ഘാടനകർമം നിർവഹിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കെപിസിസി പ്രസിഡൻ്റ്  കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് ഭവൻ്റെ ഉദ്ഘാടനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ പൂർത്തിയായി.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജില്ലയിലെ മുതിർന്ന പ്രധാന പാർട്ടി ഭാരവാഹികൾ മാത്രമാണ് പങ്കെടുക്കുന്നത്. രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി സ്വാഗതവും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം.പി അധ്യക്ഷതയും വഹിക്കും.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി നാട മുറിക്കൽ ചടങ്ങ് നിർവഹിക്കും. മുൻ എഐസിസി പ്രസിഡന്‍റ് രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം.പി ഭദ്രദീപം കൊളുത്തും.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എം.പി കെ കരുണാകരൻ സ്മാരക ഹാൾ ഉദ്ഘാടനം നിർവഹിക്കും. യുഡിഎഫ് കൺവീനർ എംഎം ഹസൻ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം നിർവ്വഹിക്കും. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ സുരേന്ദ്രൻ സ്മാരക റീഡിംഗ് റൂം ഉദ്ഘാടനവും പി.ടി തോമസ് എംഎൽഎ സാമുവൽ ആറോൺ സ്മാരക പൊളിറ്റിക്കൽ റഫറൻസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി സിദ്ദിഖ് എംഎൽഎ , എഐസിസി സെക്രട്ടറി പി.വി മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മുതിർന്ന നേതാക്കളായ എ.കെ ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും.

Comments (0)
Add Comment