വയനാടിന് സാന്ത്വനമേകി രാഹുല്‍ഗാന്ധി; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും

Jaihind News Bureau
Tuesday, August 27, 2019

വയനാട്: പ്രളയ ബാധിതര്‍ക്ക് സാന്ത്വനമായി വീണ്ടും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.  തുടര്‍ന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്കുപോയി.
തലപ്പുഴ ചുങ്കം വില്ലേജിലെ സെന്റ് തോമസ് പള്ളിയിലെ ദുരിതാശ്വാസ കേമ്പിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം. ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരുമായി അദ്ദേഹം സംവദിച്ചു. ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ക്രത്യമായി കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും കേന്ദ്രത്തിലും സംസ്ഥാന സര്‍ക്കാരിലും ഇതിനായി സമ്മര്‍ദ്ധം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ഗാന്ധി ഉറപ്പുനല്‍കി.
തുടര്‍ന്ന് അന്തരിച്ച ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായിരുന്ന പുതയിടം ഡി. യേശുദാസിന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ചു. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി പിന്നീട് മക്കിയാട് പഞ്ചായത്ത് ഹില്‍സ് ഓഡിറ്റോറിയത്തില്‍ എത്തി ദുരിതബാധിതരെ കണ്ടു.
ചൊമ്മാടിപ്പൊയില്‍ കോളനിയിലെയും മാനന്തവാടി ചെറുപുഴയിലെ ദുരിതബാതിതരെയും രാഹുല്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരെ നേരില്‍കണ്ട് പ്രശ്‌നങ്ങള്‍ മനസിലാക്കിയ അദ്ദേഹം വരുംദിവസങ്ങളില്‍ വയനാട് മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു.