ഇന്ത്യ ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്തില്ല ; രാഹുല്‍ ഗാന്ധി പ്രതിരോധസമിതി യോഗം ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: പ്രതിരോധ സമിതി യോഗത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യമുന്നയിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. തുടർന്നാണ് രാഹുലും കോണ്‍ഗ്രസ് എംപിമാരും ഇറങ്ങിപ്പോയത്.

ജൂലായ് 19-ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് വർഷകാല സമ്മേളനത്തില്‍ ചൈനയുമായുള്ള അതിർത്തി തർക്ക വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നയ രൂപീകരണ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സഖ്യകക്ഷികളുമായി ഈ വിഷയം ചര്‍ച്ചചെയ്യാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പടുത്തി.

ചൈനീസ് അതിര്‍ത്തി വിഷയത്തിനൊപ്പം വിലക്കയറ്റം, ഇന്ധന വിലവര്‍ധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍, വാക്‌സിന്‍ ലഭ്യതക്കുറവ് തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റിന്റെ ഇരു സഭകളിലും സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

 

Comments (0)
Add Comment