കല്പറ്റയിലെ മരവയൽ കോളനി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; ‘കൈത്താങ്ങും കൈപ്പത്തി’ പ്രകടനപത്രിക പരിചയപ്പെടുത്തി

 

വയനാട്: കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ പങ്കുവെക്കാന്‍ കോളനി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പത്രികാസമർപ്പണത്തിനു ശേഷമായിരുന്നു രാഹുലിന്‍റെ കോളനി സന്ദർശനം. കല്പറ്റയിലെ മരവയൽ കോളനിയിലാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്.

കല്‍പ്പറ്റ മരവയല്‍ ആദിവാസി കോളനിയിലാണ് രാഹുല്‍ ഗാന്ധി അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ പ്രതിപാദിക്കുന്ന കൈത്താങ്ങും കൈപ്പത്തി എന്ന പേരില്‍ പ്രസിദ്ധീകരിച്ച പ്രകടനപത്രിക പരിചയപ്പെടുത്തിയത്. കോളനിയിലെ പാര്‍വതി-കണ്ണന്‍, ചാമി-തുറുമ്പി, അമ്മിണി-ഗോപാലന്‍, നാരായണന്‍, ബാലന്‍, അജിത്ത്, അപ്പു തുടങ്ങിയവരുടെ വീടുകളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധിക്കും, കെ.സി. വേണുഗോപാലിനുമൊപ്പം രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകളെക്കുറിച്ചും നേതാക്കള്‍ കോളനിക്കാര്‍ക്ക് മുമ്പില്‍ വിവരിച്ചു. കാര്‍ഷിക കടാശ്വാസവും, നിയമപരിരക്ഷയുള്ള താങ്ങുവിലയും ഉറപ്പ് നല്‍കി കടത്തില്‍ നിന്ന് മോചനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ദേശീയ മിനിമം കൂലി 400 രൂപയാക്കല്‍, സാമൂഹ്യവും സാമ്പത്തികവുമായ നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ രാജ്യത്തെ എല്ലാ വ്യക്തികളെയും സാമൂഹ്യവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സെന്‍സസ്, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കെല്ലാം ജോലി ഉറപ്പ് നല്‍കുന്ന പദ്ധതി, നിര്‍ധന കുടുംബങ്ങളിലെ ഓരോ വനിതകള്‍ക്കും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി എന്നിങ്ങനെ കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്ന പ്രകടനപത്രികയിലെ വിവിധ വിഷയങ്ങളെ കുറിച്ച് നേതാക്കള്‍ കോളനിയിലെ താമസക്കാര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. അരമണിക്കൂറിലേറെ സമയം ചിലവഴിച്ചാണ് രാഹുല്‍ ഗാന്ധിയും നേതാക്കളും ഇവിടെ നിന്നും മടങ്ങിയത്. എംഎല്‍എമാരായ അഡ്വ. ടി. സിദ്ധിഖ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Comments (0)
Add Comment