ഹാത്രസ് ദുരന്തം: നഷ്ടപരിഹാര തുക വർധിപ്പിക്കണം; യോഗി ആദിത്യനാഥിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

 

ഉത്തർപ്രദേശ്: ഹാത്രസ് ദുരന്തത്തില്‍ മരിക്കുകയോ പരുക്കേൽക്കുകയോ ചെയ്തവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ദുഃഖത്തിന്‍റെ ഈ സമയത്ത് അവർക്ക് നമ്മുടെ കൂട്ടായ  പിന്തുണ ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആൾ​​ദൈവം ഭോലെ ബാബ സംഘടിപ്പിച്ച പ്രാർത്ഥനാപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബാഗങ്ങളെ നേരത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.

ദുരന്തത്തെക്കുറിച്ച് നീതിപൂർവവും സുതാര്യവുമായ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി യോഗി ആദിത്യനാഥിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിലവിൽ ഉത്തർപ്രദേശ് സർക്കാർ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ തുക സമാഹരിച്ച് എത്രയും വേഗം കുടുംബങ്ങൾക്ക് നൽകണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രവും ഉത്തർപ്രദേശ് സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ദേവപ്രകാശ് മധുക്കറിനെ ഉത്തർപ്രദേശ് പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 80,000 പേരെ പങ്കെടുപ്പിക്കേണ്ട പരിപാടിയിൽ 2.5 ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചു എന്നാണ് മധുക്കറിനു എതിരെ പ്രഥമവിവര റിപ്പോർട്ടില്‍ പറയുന്നത്. പരിപാടിയുടെ സംഘാടകരായ മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

അതേസമയം ദുരന്തം അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ ജുഡീഷ്യൽ കമ്മീഷൻ ഞായറാഴ്ച ഹത്രാസിലെത്തി സത്സംഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. ദുഃഖകരമായ സംഭവമാണെന്നായിരുന്നു ആള്‍ദൈവം ഭോലെ ബാബയുടെ പ്രതികരണം.

 

Comments (0)
Add Comment