രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്: വന്‍ സ്വീകരണം ഒരുക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് ദിവസത്തെ സന്ദര്‍ശനം

Jaihind Webdesk
Saturday, June 25, 2022

കൽപ്പറ്റ: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി വയനാട്ടിലേക്ക്. വ്യാഴാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. എംപി ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ നടപടിക്ക് പിന്നാലെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. അതേസമയം അക്രമം  നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്ന വാദം ഉയർത്തി അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രമം.

അതേസമയം സംഭവം സിപിഎം നേതൃത്വത്തിന്‍റെ അറിവില്ലാതെ നടക്കില്ലെന്ന്  കോണ്‍ഗ്രസ്ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് ഉന്നതരുടെ അറിവോടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. അക്രമത്തെ സിപിഎം നേതൃത്വം അപലപിച്ചെങ്കിലും ഇത് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന സംശയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നോട്ടുവെക്കുന്നു. പ്രതിഷേധം ശക്തമായതോടെ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനാണ് സര്‍ക്കാരിന്‍റെ ശ്രമം.

മണിക്കൂറുകളോളം എസ്എഫ്ഐ പ്രവർത്തകർ അഴിഞ്ഞാടിയപ്പോഴും പോലീസ് നോക്കുകുത്തിയായി നോക്കിനിന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. എംപി ഓഫീസ് തല്ലിത്തകർക്കുകയും ഓഫീസ് സ്റ്റാഫുകളെ ക്രൂരമായി മർദ്ദിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായി. ഇതെല്ലാം അക്രമത്തിന് പിന്നിലെ ആസൂത്രിതമായ ഒരു ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്ന കാര്യങ്ങളാണ്.

ഇന്ന് വൈകിട്ട് കല്‍പ്പറ്റയില്‍ ശക്തമായ പ്രതിഷേധ റാലി നടത്താനാണ് യുഡിഎഫ് തീരുമാനം. ആയിരങ്ങള്‍ അണിനിരക്കുന്ന റാലിയില്‍ പ്രതിഷേധം ഇരമ്പും. നേതാക്കളും പ്രവര്‍ത്തകരും വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. എസ്എഫ്ഐയുടെ നീചമായ പ്രവൃത്തിക്കെതിരെ നാനാഭാഗത്തുനിന്നും രൂക്ഷമായ പ്രതിഷേധം ഉയർന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎമ്മും സംസ്ഥാന സർക്കാരും.