രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍; ജില്ലയില്‍ രണ്ട് ദിവസത്തെ സന്ദർശനം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. കേരളത്തിന്‍റെ ദുരന്തമുഖമായ പുത്തുമലയും കവളപ്പാറയും ഉൾപ്പടെയുള്ള പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി നേരത്തെ ​ എത്തുകയും അടിയന്തര സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു.

മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലെ വിവിധ സ്ഥലങ്ങൾ രാഹുൽ ഗാന്ധി സന്ദര്‍ശിക്കും. രണ്ട് ദിവസങ്ങളിലായാണ് സന്ദർശനം. നാളെ ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി ആദ്യദിനം മാനന്തവാടി ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പും ദുരിത ബാധിതരെയും ദുരന്തബാധിത പ്രദേശങ്ങളും സന്ദർശിക്കും. രണ്ടാം ദിനം കൽപറ്റയും സമീപ പ്രദേശങ്ങളും സന്ദർശിക്കും. വയനാട്ടിൽ ദുരന്തം ഉണ്ടായ സമയത്ത് തന്നെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് വേണ്ടി രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം അടിയന്തരമായി എത്തണമെന്നും  കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ കത്തയക്കുകയും ചെയ്തിരുന്നു.

ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വനനശീകരണവും പശ്ചിമഘട്ടത്തിലെ അശാസ്ത്രീയ ഖനനവും ദുരന്തത്തിന്‍റെ ആഘാതം കൂട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ 50,000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുൽ ​ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു. പ്രളയം കാരണം രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയ രേഖകൾ ഉണ്ടാക്കുന്നതിന് വേണ്ടി കളക്ടറുടെ ഓഫീസിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ച് പരിഹാരം കണ്ടത്തണം എന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു.

Wayanadrahul gandhikerala floods
Comments (0)
Add Comment