ഗവർണറുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി കശ്മീരിലേക്ക്; രാഹുല്‍ വരുന്നു എന്നതറിഞ്ഞതോടെ തിടുക്കപ്പെട്ട് നിലപാട് മാറ്റി സത്യപാല്‍ മാലിക്ക്

Jaihind Webdesk
Saturday, August 24, 2019

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങി  9 പ്രതിപക്ഷനേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാകും. രാവിലെ 11 മണിയോടെയാകും സന്ദര്‍ശനമെന്നാണ് വിവരം.  അതേസമയം കശ്മീര്‍ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച ഗവർണര്‍ സത്യപാല്‍ മാലിക്ക്, ഇപ്പോള്‍ രാഹുലിന്‍റെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. കശ്മീര്‍ സന്ദര്‍ശനത്തിനുള്ള തീരുമാനംരാഹുല്‍  പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറുടെ ഓഫീസ് തിടുക്കപ്പെട്ട് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് നിലവിലെ അവസ്ഥ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നേരിട്ടുകണ്ട് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിയും സംഘവും ശ്രീനഗർ സന്ദര്‍ശിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനങ്ങളെയും നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് രാഹുല്‍ ഗാന്ധിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.

കശ്മീര്‍ ജനത സൈനിക അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് അവിടെനിന്നും പുറത്തുവരുന്നത്. എന്നാല്‍ കശ്മീരില്‍ പ്രശ്നങ്ങളൊന്നുമില്ല എന്ന് വരുത്തിത്തീര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി വ്യാപക തയാറെടുപ്പുകളായിരുന്നു കേന്ദ്രം നടത്തിയത്. സൈനികവിന്യാസത്തിന് പുറമെ കശ്മീരിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പോലും റദ്ദാക്കിയിരുന്നു. ഇന്‍റര്‍നെറ്റ് ബന്ധം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. നിരവധി പ്രക്ഷോഭങ്ങള്‍ നടന്നതായും ഇവക്കെതിരെ സൈനിക നടപടി ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

രാഹുല്‍ ഗാന്ധി എത്തുന്നു എന്നതറിഞ്ഞതോടെ ഇന്നലെ രാത്രി തന്നെ ഗവര്‍ണര്‍ പ്രസ്താവന പുറത്തിറക്കുകയായിരുന്നു. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുവെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. കശ്മീരില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും നേരിട്ട് വന്ന് കണ്ടോളൂ എന്നുമായിരുന്നു നേരത്തെ ഗവര്‍ണർ പറഞ്ഞിരുന്നത്. നേരത്തെ ഗവർണര്‍ സത്യപാല്‍ മാലിക്ക് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും രാഹുല്‍ ക്ഷണം സ്വീകരിച്ചതോടെ അന്നും ഗവർണര്‍ പിന്മാറിയിരുന്നു. എപ്പോഴാണ് വരേണ്ടതെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിക്കുകയും ചെയ്തിരുന്നു.