പ്രളയ ദുരന്തബാധിതരെ നേരിൽ കണ്ട് സാന്ത്വനിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ മൂന്നാം ദിവസത്തെ സന്ദർശനം പൂർത്തിയായി. വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി വൈകിട്ട് സന്ദർശിച്ചു. വയനാട് ലോക് സഭാമണ്ഡലത്തിലെ 4 ദിവസത്തെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് ഡൽഹിക്ക് മടങ്ങും.
ദുരന്തമേഖലകളിൽ നേരിട്ടെത്തിയും, പ്രളയബാധിതരുടെ സങ്കടം കേട്ടും രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്. ആദിവാസി ഊരുകളിലേതടക്കം 30 ഓളം കേന്ദ്രങ്ങളിൽ, പിന്നിട്ട 3 ദിവസത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. പ്രളയ സഹായം ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി സർക്കാറിൽ സമർദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ നാടിന്റെ നായകന്മാരെയും ദുരന്ത നിവാരണ സംഘത്തെയും രാഹുൽ ഗാന്ധി ആദരിച്ചു.
രാവിലെ വയനാട് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ യോഗം രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ റസ്റ്റ് ഹൗസിൽ ചേർന്നു. തുടർന്ന് കൽപ്പറ്റ പൊഴിതന ആറാം മൈലിൽ ദുരിത ബാധിതരെ അദ്ദേഹം സന്ദർശിച്ചു. പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വൈത്തിരിയിലെ സെന്റ് ക്ലാരെറ്റ് സ്കൂളുകളും രാഹുൽ ഗാന്ധി സന്ദർശിച്ചു. സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ വലിയ ആവേശത്തോടെ കൈയ്യടിച്ചും, പേര് വിളിച്ചുമാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. ഇവിടെ തടിച്ച് കൂടിയ പ്രളയബാധിതരേയും – നാട്ടുകാരേയും സാന്ത്വന വാക്കുകളിലൂടെ അശ്വസിപ്പിച്ച ശേഷം, വയനാട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കി, ചുരമിറങ്ങി രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി. തിരുവമ്പാടിയിൽ പ്രളയബാധിതരുമായി കൂടിക്കാഴ്ച്ച. ശേഷം കോഴിക്കോട് ജില്ലയിലെ വ്യാപാരികളുമായി ചർച്ച നടത്തി. തുടർന്ന് മുക്കത്ത് എംപി ഓഫീസ് ഉദ്ഘാടനം. നേരെ മലപ്പുറം ജില്ലയിലേക്ക് കടന്നു. അരീക്കോട് ഏറനാട് ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തി. പ്രളയത്തിൽ ചാലിയാർ കരകവിഞ്ഞതിനെ തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ഓടിയിക്കൽ റഗുലേറ്റർ കം ബ്രിഡ്ജും, സമീപത്തെ പ്രളയ ബാധിതരേയും രാഹുൽഗാന്ധി സന്ദർശിച്ചു. വണ്ടൂർ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.