ന്യൂഡൽഹി: റായിബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ രാഹുല്‍ ഗാന്ധി മത്സരിക്കും. പാർട്ടിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ ശക്തിപകരുന്നതാണ് രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം. അമേഠിയിൽ മുതിർന്ന നേതാവ് കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗുമാണ് ബിജെപി സ്ഥാനാർത്ഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിൽ കോണ്‍ഗ്രസിനൊപ്പം നിന്ന ഏക മണ്ഡലമാണ് റായ്ബറേലി. വിധിയെഴുത്തുകള്‍ എതിരായപ്പോഴും സോണിയാ ഗാന്ധി തന്‍റെ മണ്ഡലമായ റായ്ബറേലിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചു. 1967-ൽ രൂപീകൃതമായതുമുതൽ അമേഠി കോൺഗ്രസിന്‍റെ കോട്ടയാണ്. 2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ വിജയിച്ചുകയറിയ മണ്ഡലമാണ് അമേഠി. 2019ൽ പരാജയപ്പെട്ടപ്പോഴും അമേഠിയുമായുള്ള തന്‍റെ ബന്ധം ഒരിക്കലും വേർപ്പെടുത്താനാകില്ലെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
രണ്ടു ഭാരത് ജോഡോ യാത്രകളില്‍ നിന്നുള്ള അനുഭവങ്ങളുടെ കരുത്തുമായി ഇത്തവണ റായ്ബറേലിയിലേക്ക് എത്തുന്ന രാഹുലിന് ഹിന്ദി ഹൃദയഭൂമിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകരും നേതാക്കളും. റായ്ബറേലിയിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം പകരുന്ന കരുത്തും സ്വാധീനവും സമീപപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകും എന്ന കണക്കുകൂട്ടലില്‍ കൂടിയാണ് കോണ്‍ഗ്രസ്.