രാഹുൽ ഗാന്ധിയുടെ റോഡ്ഷോ ഇന്ന് ഈങ്ങാപ്പുഴയിലും മുക്കത്തും; മണ്ഡലപര്യടനം പൂർത്തിയാക്കി ഉച്ചയോടെ മടങ്ങും

Jaihind Webdesk
Sunday, June 9, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന് കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലാണ് രാഹുൽ ഗാന്ധി പര്യടനം നടത്തുക. രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴയിലും തുടർന്ന് പതിനൊന്ന് മണിക്ക് മുക്കത്തും രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയും സ്വീകരണ പരിപാടികളും നടക്കും. തുടർന്ന് ഉച്ചയോടെ അദ്ദേഹം കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

വയനാട്ടിൽ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്ന് രാഹുൽ ഇന്നലെ പറഞ്ഞിരുന്നു. താനൊരു കോൺഗ്രസുകാരനാണെന്നും എന്നാല്‍ വയനാട്ടിലെ ഏത് പൗരനും, ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവര്‍ക്കും വേണ്ടി തന്‍റെ ഓഫീസിന്‍റെ വാതിൽ എപ്പോഴും തുറന്നുകിടക്കുമെന്നും രാഹുൽ വ്യക്തമാക്കി. നുണയും വെറുപ്പുമാണ് മോദി രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കൽപ്പറ്റ റസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ഗാന്ധി രാവിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആണ് ഇന്ന് ചെലവഴിക്കുക. കഴിഞ്ഞ രണ്ട് ദിവസവും രാഹുലിന്‍റെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. രാഹുലിന്‍റെ വരവോടെ മലബാറിലെ യുഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്.

വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, രാത്രിയാത്ര നിരോധനം, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇന്നലെ പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.