“മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി…” വിദേശകാര്യമന്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി രാഹുല്‍

Jaihind News Bureau
Tuesday, October 1, 2019

rahul-gandhi-meet

നയതന്ത്ര കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിക്കിടെ ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയിൽ മോദി നടത്തിയ പ്രസ്താവനയിൽ ജയ്ശങ്കർ വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് രാഹുൽ ജയ്ശങ്കറിന് നന്ദി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

പക്ഷംപിടിച്ച് ട്രംപിന് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ നയതന്ത്ര കാര്യങ്ങളിൽ താങ്കൾ അദ്ദേഹത്തിന് കുറച്ച് പരിശീലനം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.