‘കർഷകർക്ക് ജപ്തി നോട്ടീസ് അയക്കുന്നു,വന്‍കിട മുതലാളിമാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു’; കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. കർഷകർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാവുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വൻകിട മുതലാളിമാരുടെ കടങ്ങൾ എഴുതി തള്ളുമ്പോൾ കർഷകർക്ക് നോട്ടീസ് അയച്ച് പീഡിപ്പിക്കുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനന്തവാടിയിലെ ഫാര്‍മേഴ്‌സ് സർവീസ് സഹകരണ ബാങ്ക് സെന്‍റിനറി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

കർഷകരാണ് രാജ്യത്തിന്‍റെ അടിസ്ഥാന വികസനത്തിന്‍റെ ഊർജം. കർഷകരെയും കാർഷിക വൃത്തിയെയും നിരാകരിക്കുന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നം. കർഷർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ഭരിക്കുന്നവർ തയാറാകുന്നില്ല. കാർഷിക നിയമം കൊണ്ട് ഗുണം ലഭിക്കുന്നത് വൻകിട കുത്തകകൾക്കാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യഥാർത്ഥ കർഷകരെ അവഗണിച്ചു. കർഷകരെ നിരാകരിച്ച് ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ല. വൻകിട മുതലാളിമാരെ സംരക്ഷിക്കുന്നതിൽ നിന്ന് മാറി കർഷകരെ സഹായിക്കുന്ന നയങ്ങളിലേക്ക് സർക്കാർ തിരിച്ചുവരണം. ആയിരക്കണക്കിന് വൻകിടക്കാരുടെ വായ്പകൾ എഴുതി തള്ളുമ്പോൾ കർഷകരുടെ വായ്പകൾക്ക് ഇളവ് ലഭിക്കുന്നില്ല. വൻകിട കർഷകർക്ക് നൽകുന്ന പരിഗണന എന്തുകൊണ്ട് സാധാരണ കർഷകർക്ക് നൽകുന്നില്ല. വൻകിട മുതലാളിമാരുടെ കടങ്ങൾ എഴുതി തള്ളുമ്പോൾ കർഷകർക്ക് നോട്ടീസ് അയച്ച് പീഡിപ്പിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

വന്യമൃഗ ആക്രമങ്ങളെ പ്രതിരോധിക്കാനും കാർഷിക വിള സംരക്ഷിക്കാനും സംസ്ഥാന സർക്കാരിന് പദ്ധതിയില്ല. കർഷകർക്ക് വേണ്ടി കോൺഗ്രസ് നടത്തിയ പോരാട്ടത്തിൽ ഓരോ കോൺഗ്രസുകാർക്കും അഭിമാനിക്കാം. കർഷകർക്ക് വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്നും രാഹുൽഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, എംഎൽഎ മാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Comments (0)
Add Comment