പിണറായി വിദ്വേഷവും പകയും വളർത്തുന്ന മോദിയുടെ പാതയില്‍ ; രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, March 27, 2021

 

പത്തനംതിട്ട : ആർ.എസ്.എസും പ്രധാനമന്ത്രിയും മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് രാഹുല്‍ ഗാന്ധി. വിദ്വേഷവും പകയും വളർത്തുന്ന നരേന്ദ്രമോദിയുടെ പാത ഇടതുപക്ഷവും പിന്തുടരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ എരുമേലിയില്‍ ശ്രീധർമ്മശാസ്താക്ഷേത്രത്തിലും വാവർ പള്ളിയിലും അദ്ദേഹം ദർശനം നടത്തി.ധർമശാസ്താ ക്ഷേത്രത്തിൽ പ്രാർഥിച്ച് അദ്ദേഹം കാണിക്കയിട്ടു.

അതേസമയം പത്തനംതിട്ടയില്‍ ആവേശമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കോന്നിയിലും റാന്നിയിലും വലിയ ജനക്കൂട്ടമാണ് രാഹുലിനെ വരവേല്‍ക്കാന്‍ കാത്തുനിന്നത്. പ്രചാരണം കോട്ടയം ജില്ലയിലേക്ക് കടന്നു. രാവിലെ പ്രമാടത്ത് ഹെലിക്കോപ്ടര്‍ ഇറങ്ങിയ അദ്ദേഹം കോന്നിയിലേക്കാണ് ആദ്യം യാത്ര തിരിച്ചത്. റോഡിനിരുവശവും ജംഗ്ഷനുകളിലും നൂറുകണക്കിന് പേര്‍ രാഹുലിന് അഭിവാദ്യമര്‍പ്പിക്കാന്‍ കാത്തുനിന്നു. കോന്നി നഗരത്തിലെ പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് റോഡ് ഷോ.

പത്തനംതിട്ടയിലും ജനസാഗരമാണ് അദ്ദേഹത്തെ കേള്‍ക്കാനായി കാത്തുനിന്നത്. റോഡരികില്‍ കാത്തുനിന്നവരുടെ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തി. അക്രമല്ല, സാഹോദര്യവും, സൗഹാര്‍ദവുമാണ് തങ്ങളുടെ മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സാധാരണക്കാരന് ജോലികിട്ടാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം കഴിഞ്ഞ് ഇടുക്കി ജില്ലയില്‍ അദ്ദേഹത്തിന്‍റെ പര്യടനം തുടരുകയാണ്.