ആർഎസ്എസും ബിജെപിയും ഇന്ത്യയുടെ അടിത്തറ തകർക്കുന്നു, രാജ്യം രാജഭരണത്തിലേക്ക് തിരിച്ചുപോയെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, February 3, 2022

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ലോക്സഭയില്‍. രാജ്യം രാജഭരണത്തിലേക്ക് തിരിച്ചുപോയെന്നും രാജാവിന്റെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്ന നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആർഎസ്എസും ബിജെപിയും ഇന്ത്യയുടെ അടിത്തറ തകർക്കുകയാണെന്നും കൈവിട്ട കളിയാണ് കേന്ദ്രസർക്കാർ കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജാവ് തീരുമാനിക്കുന്നതേ നടക്കൂ എന്ന ധാർഷ്ട്യത്തിന് രാജ്യത്തിനകത്തു നിന്നു തന്നെ തിരിച്ചടിയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. നന്ദിപ്രമേയ ചർച്ചയിൽ പെഗാസസ് വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കെതിരേ ചൈനയും പാകിസ്താനും യോജിച്ചിരിക്കുകയാണെന്നും ആഗോളതലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  വിദേശ നയത്തില്‍ മോദിസര്‍ക്കാര്‍ വന്‍പരാജയമാണ്. രാജ്യത്തിന്റെ എതിരാളികള്‍ക്ക് ഇന്ത്യയുടെ ഈ അവസ്ഥ മനസ്സിലായിട്ടുണ്ട്.

ചൈനയെയും പാകിസ്താനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഈ രാജ്യത്തെ ജനങ്ങളോട് സര്‍ക്കാര്‍ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം. ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വ്യക്തമായ പദ്ധതികളുണ്ട്. അതാണ് അവര്‍ ലഡാക്കിലും ഡോക്ലാമിലും നടപ്പാക്കിയത്. ചൈന വാങ്ങുന്ന ആയുധങ്ങള്‍ നോക്കൂ. ഇന്ത്യ സ്വയം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാരായിരിക്കും ഉത്തരവാദികള്‍. രാജ്യത്ത് റിപ്പബ്ലിക് പരേഡിന് ഒരു വിശിഷ്ടാതിഥിയെ പോലും കിട്ടാതെയായെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം മണിപ്പുരില്‍ നിന്നെത്തിയ രാഷ്ട്രീയപ്രവര്‍ത്തകരുടെ സംഘത്തെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.