മോദിയെ അയച്ചത് അദാനിയെ സഹായിക്കാന്‍, പാവങ്ങളെയല്ല: രാഹുല്‍ ഗാന്ധി

 

ഉത്തര്‍പ്രദേശ്: തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി രാഹുല്‍ ഗാന്ധി. തന്‍റെ സുഹൃത്തായ അദാനിയെ സഹായിക്കാനാണ് മോദിയെ ദൈവം അയച്ചിരിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. അല്ലാതെ കര്‍ഷകരെയും തൊഴിലാളികളെയും സേവിക്കാനല്ല മോദിയെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ദൈവമാണ് അയച്ചതെന്ന് മോദി പറഞ്ഞത്. തന്‍റെ അമ്മ ജീവിച്ചിരുന്ന കാലം വരെ, താന്‍ ജനിച്ചത് ജൈവീകമായിട്ടാണെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അമ്മയുടെ വിയോഗത്തിന് ശേഷം ജീവിതത്തിലുണ്ടായ അനുഭവങ്ങളില്‍ നിന്നുമാണ് തന്നെ ദൈവം അയച്ചതാണെന്ന് മനസിലാക്കിയതെന്നുമായിരുന്നു മോദി പറഞ്ഞത്. മോദിയെ ദൈവം അയച്ചത് അംബാനിയെയും അദാനിയെയും സഹായിക്കാനാണ്. ദൈവമാണ് മോദിയെ അയച്ചതെങ്കില്‍ അദ്ദേഹം പാവപ്പെട്ടവരെയും കര്‍ഷകരെയും സഹായിക്കുമായിരുന്നു. അതേസമയം ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അഗ്‌നിപഥ് പദ്ധതിയെ ചവറ്റുകുട്ടയിലെറിയുമെന്നും ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment