വയനാട് മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മധ്യപ്രദേശ് സർക്കാരുമായി താൻ ചർച്ചയ്ക്ക് തയാറാണെന്ന് രാഹുൽ ഗാന്ധി. മധ്യപ്രദേശ് സർക്കാരിന് വയനാട്ടിലുള്ള ഭൂമി മെഡിക്കൽ കോളേജിനായി വിട്ട് തരണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ സാമ്പത്തികരംഗം തകർന്നടിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയോട് കാര്യങ്ങൾ സംസാരിക്കാൻ കഴിയാത്ത ധനമന്ത്രിയാണ് നാടിന്‍റെ ശാപമെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റയിൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
നേരത്തെ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. വയനാട് ജില്ലയില്‍ നല്ല ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രികളില്ലെന്നത് ഷഹലയുടെ മാതാപിതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് അത്യാവശ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെെന്നും മികച്ച ആരോഗ്യ കേന്ദ്രങ്ങൾ ജില്ലയിലില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആരംഭിക്കാൻ സ്ഥലപരിമിതിയാണ് പ്രശ്നം. മധ്യപ്രദേശ് സർക്കാരിന്‍റെ വയനാട്ടിലുള്ള ഭൂമി മെഡിക്കല്‍ കോളേജിനായി വിട്ടുകിട്ടാനുള്ള ചർച്ചയ്ക്ക് തയാറാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.