കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയായ കെആർ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന കെആർ ഗൗരിയമ്മയുടേത് നിരവധി പേർക്ക് പ്രചോദനമാകുന്ന ജീവിതമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കെആർ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ജയ്റാം രമേശ് എം.പി, മുന്‍ കേന്ദ്രമന്ത്രി
ഇന്ത്യൻ രാഷ്ട്രീയത്തിലെ യഥാർത്ഥ വിപ്ലവകാരികളിൽ ഒരാളായിരുന്നു കെ.ആർ ഗൗരിയമ്മ. വിമത ശബ്ദമുയര്‍ത്തിയ എന്തൊരു കരുത്തുറ്റ വ്യക്തിത്വമായിരുന്നു അവർ ! സഖാക്കളെ വെല്ലുവിളിക്കാന്‍ പോലും ധൈര്യം കാണിച്ച ഒരു സഖാവ്. അവർ കേരളത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകേണ്ടതായിരുന്നു.
പിണറായി വിജയന്‍, മുഖ്യമന്ത്രി
സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരോതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആർ. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതിക്കുമുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.
ധീരയായ പോരാളിയും സമർത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തിൽ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം ഗൗരിയമ്മയുടെ ജീവചരിത്രം കൂടിയാണ്.
എ.കെ ആന്‍റണി, കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം
ഇതിഹാസ നായികയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ചേർത്തല ഹൈസ്‌കൂളിൽ ഞാൻ പഠിക്കുന്ന കാലം മുതൽ ഗൗരിയമ്മ നേതാവായിരുന്നു. 1957 ലാണ് ചേർത്തല നിയോജകമണ്ഡലത്തിൽ നിന്ന് ഗൗരിയമ്മ എംഎൽഎ ആയത്. പിന്നീട് 70 ല്‍ ഞാനും ഇവിടെ നിന്ന് എം.എല്‍.എ ആയി. ചേർത്തല സ്‌കൂളിൽ പഠിക്കുന്ന കാലം മുതലുള്ള സൗഹൃദം അവസാന കാലം വരെ തുടർന്നു. എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ള നേതാവായിരുന്നു ഗൗരിയമ്മ. കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളിലും ഗൗരിയമ്മ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്‍റെ മന്ത്രിസഭയിൽ ഗൗരിയമ്മ കൃഷിമന്ത്രിയായിരുന്നു. ഇത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. വാത്സല്യനിധിയായ ഒരു അമ്മ കൂടിയാണ് ഗൗരിയമ്മ. ഗൗരിയമ്മയുടെ വേർപാടിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.
ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം
കെആർ ഗൗരിയമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണ്. സ്ത്രീശാക്തീകരണത്തിനും സാമൂഹിക പരിഷ്‌കരണങ്ങൾക്കും ഗൗരിയമ്മ നൽകിയ സംഭാവന വളരെ വലുതാണ്. ഗൌരിയമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
കെ.സി വേണുഗോപാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
തുടക്കം മുതൽ ഒടുക്കം വരെ സംഭവ ബഹുലമായ ജീവിതമായിരുന്നു കെ.ആർ ഗൗരിയമ്മയുടേത്. ഇത്രയേറെ പോരാട്ടവീര്യം കാട്ടിയ ഒരു വനിതാ നേതാവിനെ കാണാൻ കഴിയില്ല. തന്‍റെ അഭിപ്രായം ആരുടെ മുഖത്തു നോക്കിയും ശക്തമായി പറയാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞിരുന്നു. അസാമാന്യമായ ധൈര്യം എല്ലാ വശങ്ങളിലും കാണിക്കുന്ന നേതാവ്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി പ്രസിഡന്‍റ്
”രാഷ്ട്രീയത്തില്‍ കനല്‍ വഴികള്‍ താണ്ടി ജനമസ് കീഴടക്കിയ നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ. കേരളത്തിലെ ഏറ്റവും കഴിവുറ്റ വനിതാ നേതാക്കളില്‍ പ്രഗത്ഭ. ഗൗരിയമ്മയുടെ പോരാട്ടവീര്യം ശ്രദ്ധേയമാണ്. ഇഎംഎസ് മന്ത്രിസഭയില്‍ ഭരണപാടവം തെളിയിച്ച നേതാവ്. നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ മറ്റുനേതാക്കളില്‍ നിന്നും എന്നും വ്യത്യസ്തയാക്കി. പതിമൂന്ന് തവണ നിയമസഭാ ആംഗവും ആറുതവണ മന്ത്രിയുമായിരുന്ന ഗൗരിയമ്മയുടെ ഭരണനെെപുണ്യത്തിന് നിരവധി തെളിവുകളുണ്ട്. കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശ്ശീലവീണത്. ഞാനുമായി എന്നും നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ് ഗൗരിയമ്മ.ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് നികത്താന്‍ കഴിയാത്ത വിടവാണ്.”
രമേശ് ചെന്നിത്തല
”കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ തുല്യമായ ജീവിതമാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അപൂര്‍വം വ്യക്തിത്വങ്ങളേ നമുക്കു ചുറ്റുമുണ്ടായിട്ടുള്ളു. അതില്‍ ഒരാളായിരുന്നു കെആര്‍ ഗൗരിയമ്മ. ജീവിതം തന്നെ മഹാസമരമാക്കി മാറ്റുകയും ത്യാഗോജ്വലവും, സംഘര്‍ഷഭരിതവുമായ പാതകളിലൂടെ നടന്നുകയറി കേരളത്തിന്റെ സമുന്നത ജനകീയ നേതാക്കളില്‍ ഒരാളുകയും മാറുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മ. സ്ത്രീ എന്നത് പരിമിതിയല്ല കരുത്താണെന്ന് സ്വജീവിതം കൊണ്ടവര്‍ തെളിയിച്ചു. അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സി പി എമ്മിന്‍റെയും അതിന് ശേഷം ഐക്യജനാധിപത്യമുന്നണിയുടെയും നേതൃനിരയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും ഗൗരിയമ്മയെ നയിച്ചത് സ്വന്തം രാഷ്ട്രീയ ബോധ്യങ്ങള്‍ തന്നെയായിരുന്നു.
നാല്‍പ്പത്താറ് വര്‍ഷം നിയമസഭാംഗവും പതിമൂന്ന് വര്‍ഷം മന്ത്രിയുമായിരുന്നു ഗൗരിയമ്മ. ഭൂപരിഷ്‌കരണമടക്കം ഇന്ന് നാം കാണുന്ന കേരളത്തെ സൃഷ്ടിച്ച മഹത്തായ നിയമനിര്‍മാണങ്ങള്‍ക്ക് പിന്നിലെ സജീവ സാന്നിധ്യമായിരുന്നു അവര്‍. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റപാടുകളില്‍ ജനിച്ച് വളര്‍ന്ന് അക്കാലത്തെ പല സ്ത്രീകള്‍ക്കും അപ്രാപ്യമായ ഉന്നത വിദ്യാഭ്യാസം നേടി, നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ജനാധിപത്യ കേരളത്തിന്റെ കരുത്തയായ നേതാവായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്‍പ്പെടെ ലിംഗ നീതിക്കും സാമൂഹ്യ സമത്വത്തിനും വേണ്ടി പോരാടാന്‍ എന്നും ഗൗരിയമ്മ മുമ്പിലുണ്ടായിരുന്നു.
രാഷ്ട്രീയമായി മറു ചേരിയില്‍ നില്‍ക്കുന്ന കാലത്ത് പോലും ഗൗരിയമ്മയുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിരുന്നു. എന്റെ വിവാഹത്തിന് ശേഷം എന്നെയും ഭാര്യയെയും വിളിച്ച് വിരുന്നു തന്ന ഗൗരിയമ്മയെ ഇപ്പോഴും ഞാനോര്ക്കുന്നു. സ്വന്തം മകന് നല്‍കുന്ന സ്‌നേഹവായ്പുകളാണ് അവര്‍ എന്നും എനിക്ക് പകര്‍ന്ന് നല്‍കിയിട്ടുള്ളത്. ഗൗരിയമ്മ കടന്ന് പോകുന്നതോടെ ഒരു യുഗം അസ്തമിക്കുകയാണ്. നൂറു വര്‍ഷങ്ങള്‍ക്കിടക്ക് മാത്രമേ ഇത്തരം ധന്യവും ഉദാത്തവുമായ ജീവിതങ്ങള്‍ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവരാറുള്ളു. ഗൗരിയമ്മയുടെ പാവന സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…”
എം.എം ഹസന്‍, യുഡിഎഫ് കണ്‍വീനര്‍
കേരളത്തിന്‍റെ വിപ്ലവനായികയാണ് വിടവാങ്ങിയത്. ഗൗരിയമ്മയെ ഇതിഹാസ രാഷ്ട്രീയ നായികയെന്ന് തന്നെ വിശേഷിപ്പിക്കാം. കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെയും ഇത്രയും ധീരയായ ഒരു വനിതാ നേതാവ് ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. ഭരണരംഗത്തും നിയമനിർമാണരംഗത്തും ഗൗരിയമ്മയുടെ അനിതരസാധാരണമായ വൈഭവം നേരിൽ കാണാൻ സൗഭാഗ്യം ലഭിച്ച നിയമസഭാ സാമാജികരിൽ ഒരാളാണ് ഞാൻ. ഗൗരിയമ്മയോടൊപ്പം മന്ത്രിയായിരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയമായി എതിർത്തും അനുകൂലിച്ചും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടുകാലം കാലത്തിന്‍റെ സാക്ഷിയായി കേരള രാഷ്ട്രീയത്തിൽ കരുത്തോടെ നിറഞ്ഞുനിന്ന ഗൗരിയമ്മയുടെ വിയോഗം അതീവ വേദനാജനകമാണ്. അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.