‘ഭരണഘടന ജനങ്ങളുടെ ശബ്ദം, അത് ഇല്ലാതാക്കാനാണ് ബിജെപി ശ്രമം’: രാഹുല്‍ ഗാന്ധി

 

റാഞ്ചി/ഝാർഖണ്ഡ്: ബിജെപിയും മോദി സർക്കാരും ശ്രമിക്കുന്നത് ഭരണഘടനയെ ഇല്ലായ്മ ചെയ്യാനാണെന്ന് രാഹുല്‍ ഗാന്ധി. ഭരണഘടന എന്നത് ജനങ്ങളുടെ ശബ്ദമാണെന്നും അത് ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കുമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ വിഭവങ്ങളുടെയെല്ലാം ആദ്യ അവകാശികൾ ആദിവാസികളാണ്. ഭൂമി, ജലം, വനം എന്നിവയിന്മേല്‍ ആദിവാസികള്‍ക്കുള്ള അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവരുടെ ഭൂമി അവർക്കു തിരികെ നൽകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഝാർഖണ്ഡിലെ ചയ്ബാസയിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

“ആദിവാസി എന്നാൽ ഈ രാജ്യത്തിന്‍റെ ഭൂമിയിൽ ആദ്യ അവകാശം അവർക്കാണ്. ഞാൻ നിങ്ങളെ ആദിവാസി എന്നാണ് വിളിക്കുന്നതെങ്കിൽ അതിനർത്ഥം ഈ രാജ്യത്തെ ജലവും കാടും ഭൂമിയും നിങ്ങളുടേതാണ്. അതിനാൽ ഈ രാജ്യത്തെ സമ്പത്ത്, പ്രകൃതി വിഭവങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിങ്ങളുടെ പങ്ക് നിങ്ങൾക്കും ലഭിക്കണം” – രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ വനവാസികള്‍ എന്ന പ്രയോഗം ശരിയല്ല. അവർ ആദിവാസികളുടെ പുരോഗതി ആഗ്രഹിക്കുന്നില്ല. ഇന്ത്യ സഖ്യം ആഗ്രഹിക്കുന്നത് ആദിവാസി വിഭാഗത്തില്‍ നിന്ന് ഡോക്ടർമാർ, എന്‍ജിനീയർമാർ, വ്യവസായികള്‍ എന്നിവരെല്ലാം ഉയർന്നുവരണമെന്നാണ്. ഇതാണ് ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചു. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വർഷം തോറും 1 ലക്ഷം രൂപ നല്‍കും. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്നും ഇതിലൂടെ അവരുടെ കുടുംബത്തിന്‍റെ ജീവിതം മെച്ചപ്പെടുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയാക്കി ഉയർത്തും. ആശാ വര്‍ക്കേഴ്സിന്‍റെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പളം ഇരട്ടിയാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

“ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ദരിദ്ര കുടുംബങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കും. തുടർന്ന്, ഓരോ കുടുംബത്തിൽ നിന്നും അർഹയായ ഒരു സ്ത്രീയെ കണ്ടെത്തും. ഒരു ലക്ഷം രൂപ ബാങ്ക് അവരുടെ അക്കൗണ്ടിലേക്ക് നല്‍കും.” – രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കർഷകരുടെ വായ്പാബാധ്യതകള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ വ്യക്തമാക്കി.

ബിജെപി അവർക്ക് വേണ്ടപ്പെട്ട ഏതാനും പേർക്ക് മാത്രം കോടിക്കണക്കിന് രൂപ നൽകുന്നു. അതേസമയം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് കോടിക്കണക്കിന് പാവപ്പെട്ടവരെ ലക്ഷപതികളാക്കാനും അതുവഴി അവരുടെ ജീവിതം പൂർണ്ണമായും മാറ്റാനുമാണ്. ഭരണഘടനയെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇല്ലാതായാല്‍ ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളെല്ലാം ഇല്ലാതാകും. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ ഏതാനും കോടീശ്വരമാരുടെ പക്കലേക്ക് എത്തിച്ചേരുന്ന സ്ഥിതിയുണ്ടാകും.ഇത് ഒരു പുസ്തകം മാത്രമല്ല, ജനങ്ങളുടെ ശബ്ദമാണെന്നും ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ഝാർഖണ്ഡിലെ ചയ്ബാസയില്‍ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment