ഇവിഎം ഹാക്ക് ചെയ്യപ്പെടാം, നിരോധിക്കണമെന്ന് ഇലോണ്‍ മസ്ക്; ഉയരുന്നത് ഗുരുതര ആശങ്കയെന്ന് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാമെന്നും അവ നിരോധിക്കണമെന്നുമുള്ള ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ഉയർത്തി രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുണ്ടെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച ആശങ്ക വീണ്ടും ഉയര്‍ത്തിക്കാട്ടിയത്.

നിർമ്മിതബുദ്ധി ഉപയോഗിച്ചോ മനുഷ്യർക്ക് തന്നെയോ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമെന്നും ഇവിഎം നിരോധിക്കണമെന്നുമാണ് ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 48 വോട്ടിന് വിജയിച്ച രവീന്ദ്ര വൈക്കറിൻ്റെ ഭാര്യാ സഹോദരൻ മങ്കേഷ് പാണ്ടിൽക്കറിനെതിരെ ജൂൺ 4ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കേസെടുത്തിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തുറക്കുന്നതിന് മൊബൈല്‍ വഴി ലഭിക്കുന്ന ഒടിപി ആവശ്യമാണ്. അവിടെ ക്രമക്കേട് നടന്നുവെന്ന തരത്തിലുള്ള വാർത്തകള്‍ പുറത്തുവന്നിരുന്നു. വലിയ വിവാദമായ ഈ സംഭവത്തിന്‍റെ വാർത്തയും പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ എക്സ് പോസ്റ്റ്.

 

Comments (0)
Add Comment