കൊവിഡ് വാക്സിനില്‍ മോദിയുടെ യഥാർത്ഥ നിലപാടെന്ത് ? ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, December 3, 2020

 

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിനെക്കുറിച്ച് മോദിയും സര്‍ക്കാരും വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഏത് നിലപാടിനൊപ്പമാണ് പ്രധാനമന്ത്രി നില്‍ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

 

പ്രധാനമന്ത്രി പറഞ്ഞു എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്ന്. ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു – ബിഹാറിലെ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന്. ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നു എല്ലാവർക്കും വാക്സീൻ നൽകുമെന്നു പറഞ്ഞിട്ടില്ലെന്ന്. യഥാർഥത്തിൽ ഏതു അഭിപ്രായത്തിനൊപ്പമാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്?’ – രാഹുല്‍ ഗാന്ധി കുറിച്ചു.