വനിതാദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കും. വനിതാസംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക വനിതാദിനത്തില്‍ സ്ത്രീകളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്ത്രീകളുടെ പങ്കാളിത്തത്തോടെ മാത്രമേ രാജ്യത്തിന് കൂടുതല്‍ പുരോഗതി കൈവരിക്കാനാകൂവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ ഇടം കണ്ടെത്താനായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ഇടം കണ്ടെത്താനായി നിങ്ങള്‍ പോരാടണം. അത് ഭരണനിര്‍വഹണ രംഗത്താണെങ്കിലും ബിസിനസ് മേഖലയിലാണെങ്കിലും. ഒരു പുരുഷനില്‍ നിന്ന് താഴെയാണ് നിങ്ങളുടെ സ്ഥാനമെന്ന ചിന്ത ഒരിക്കലും ഉണ്ടാകാന്‍ പാടില്ല” – കോണ്‍ക്ലേവില്‍ ഒരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
വനിതാ ശാക്തീകരണത്തിനായി എത്രയും പെട്ടെന്ന് വനിതാസംവരണ ബില്‍ നടപ്പാക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാബില്‍ പാസാക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. വനിതകള്‍ക്ക് പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. കൂടുതല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് എത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. ഒഡീഷയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിധവകള്‍ക്ക് മാസം 2.,000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എയ്ക്കെതികായ ലൈംഗികാരോപണം ഡെലിഗേറ്റുകളിലൊരാള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മൌനം തുടരുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കെതിയാ അതിക്രമങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എത്രയും വേഗത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഒഡീഷയില്‍ ഒരു ദിവസം എട്ട് സ്ത്രീകളെങ്കിലും പീഡനത്തിനിരയാകുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ വെറും 7 കേസുകളില്‍ മാത്രമാണ് തീര്‍പ്പുണ്ടാകുന്നത്. സ്ത്രീസുരക്ഷയില്‍ ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമില്ലായ്മ വ്യക്തമാക്കുന്നതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ഒഡീഷയിലെ കോർപുത് ജില്ലയില്‍ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) പ്ലാന്‍റ് റഫാൽ ഫൈറ്റർ ജെറ്റ് ഇടപാടിന് കൈമാറിയെങ്കിൽ അത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്ന് അദ്ദേഹം മറുപടി പറഞ്ഞു.