രാഹുലിനും പ്രിയങ്കയ്ക്കും പിന്തുണയുമായി വന്‍ജനക്കൂട്ടം ; പ്രതിഷേധജ്വാലക്കു മുന്നില്‍ കീഴടങ്ങി സർക്കാരും പൊലീസും

Jaihind News Bureau
Saturday, October 3, 2020

 

ഹാത്രസിലേക്ക് യാത്ര തിരിച്ച രാഹുല്‍ ഗാന്ധിക്കും സംഘത്തിനും പിന്തുണയുമായി എത്തിയത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍. മുദ്രാവാക്യവുമായി തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ കാറിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി സംസാരിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകളെ ജനം സ്വീകരിച്ചത്.

അതിനിടെ ഹാത്രസിലേക്ക് പോകാന്‍ യാത്രാനുമതി നല്‍കില്ലെന്ന തീരുമാനം യു.പി സർക്കാർ തിരുത്തി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം 5 പേർക്കും യു.പി പൊലീസ് അനുമതി നല്‍കി.  പ്രവർത്തകരുടെ പ്രതിഷേധത്തിന് മുന്നില്‍ സർക്കാരും പൊലീസും കീഴടങ്ങുകയായിരുന്നു.

നേരത്തെ സംഘത്തെ നോയിഡ അതിർത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. യാത്ര ഉപേക്ഷിച്ചു മടങ്ങണം എന്നായിരുന്നു യു.പി പൊലീസിന്‍റെ ആവശ്യം. എന്നാല്‍ മടങ്ങാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഹാത്രസ് സന്ദർശനത്തിനെത്തിയ രാഹുല്‍ ഹാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. യു.പി സർക്കാർ പെണ്‍കുട്ടിയോടും കുടുംബത്തോടും ചെയ്തത് വലിയ തെറ്റാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിരുന്നു. അവളുടെ ശരീരം കുടുംബത്തിന്‍റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോന്നത്. രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ല ഇതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.