ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും അമിത് ഷായേയും വിമര്‍ശിച്ചതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കപ്പെട്ട മണിപ്പൂരി മാധ്യമ പ്രവര്ത്തകന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തുറന്ന കത്ത്. എതിരഭിപ്രായത്തെ ഇല്ലാതാക്കാന്‍ ഭരണകൂട സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള മറ്റൊരു ശ്രമമാണ് ഇതെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി മണിപ്പൂരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരും കാണുന്നുണ്ട്.
മോദിയെയും മണിപ്പൂര്‍ സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്കേമിനാണ് രാഹുല്‍ ഗാന്ധി കത്തയച്ചത്. ഒരു വര്‍ഷത്തെ തടവിനാണ് കിഷോറിനെ ശിക്ഷിച്ചിരിക്കുന്നത്. മോദിയേയും ബിജെപിയേയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന് നവംബറിലാണ് കിഷോര്‍ചന്ദ്രയെ കസ്റ്റഡിയിലെടുത്തത്. ഒരു മാസം കസ്റ്റഡിയില്‍ വെച്ചതിന് ശേഷം ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയായ ഒരു വര്‍ഷത്തെ തടവ് വിധിക്കുകയായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി ഭൈരണ്‍ സിങ്ങിനെ മോഡിയുടെ കളിപ്പാവ എന്ന് ഫേസ്ബുക്ക് വീഡിയോയില്‍ വിളിച്ചതാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്..