ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച് രാഹുല്‍ ഗാന്ധി; പിടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; പൊതുദർശനം തുടരുന്നു

Jaihind Webdesk
Thursday, December 23, 2021

 

കൊച്ചി : അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് രാഹുല്‍ ഗാന്ധി. എറണാകുളം ടൗൺ ഹാളിലെത്തിയാണ് രാഹുല്‍ ഗാന്ധി പി.ടിക്ക് ആദരവർപ്പിച്ചത്.

എറണാകുളം ടൗൺ ഹാളില്‍നിന്ന് തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിലേക്ക് ഭൗതികദേഹം കൊണ്ടു പോകും. പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് 5.30 ഓടെ കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പിടി തോമസിന് ആദരവ് അർപ്പിക്കാനായി എത്തിച്ചേരും.

പുലർച്ചെ നാല് മണിയോടെ ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം വിലാപയാത്രയായാണ് കൊച്ചിയിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കാത്തുനിന്നത്. വൈകാരികമായ അന്തരീക്ഷത്തിനാണ് ഉപ്പുതറയും തൊടുപുഴയും സാക്ഷ്യം വഹിച്ചത്. പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞപ്പോള്‍ തീർത്തും വികാരനിർഭരമായ നിമിഷങ്ങളാണ് കടന്നുപോയത്. പിടി തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന് വ്യക്തമാക്കുന്നതായി കാത്തുനിന്ന ജനസഞ്ചയം.

അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന പിടി തോമസ് ബുധനാഴ്ച രാവിലെ 10.15 നാണ് അന്തരിച്ചത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. നാല് തവണ നിയമസഭയിലേക്കും ഇടുക്കിയില്‍ നിന്ന് ഒരുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.