രാഹുല്‍ വന്നു, ചേർത്തുനിര്‍ത്തി; 30 വര്‍ഷത്തെ വൈരം മറന്ന് അവർ ഒന്നായി: ഐക്യത്തിന്‍റെ പാതയായി ‘ഭാരത് ജോഡോ റോഡ്’

ബംഗളുരു: ഇരു സമുദായങ്ങള്‍ തമ്മില്‍ വർഷങ്ങളായി നിലനിന്ന വൈരത്തിന്‍റെ ബാക്കിപത്രം വേരോടെ പിഴുതെറിഞ്ഞ് ഐക്യത്തിന്‍റെ പാതയൊരുക്കി രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞ് കിടന്ന റോഡ് തുറന്ന് നല്‍കിയാണ് രാഹുല്‍ ഗാന്ധി ഐക്യത്തിന് വഴിയൊരുക്കിയത്. 1993 ല്‍ കൊട്ടിയടയ്ക്കപ്പെട്ട, ജാതി സ്പര്‍ദ്ധയുടെ പ്രതീകമായി നിലനിന്ന ബദനവലു ഗ്രാമത്തിലെ റോഡ് കല്ലുപാകി ഒന്നാക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. ഇതിലൂടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വിദ്വേഷത്തെ ഇല്ലാതാക്കി ഭാരത് ജോഡോ യാത്രയുടെ ഐക്യസന്ദേശം പ്രാവർത്തികമാക്കുകയായിരുന്ന രാഹുല്‍. രാഹുല്‍ ഗാന്ധി ഐക്യത്തിലേക്കുള്ള കല്ല് പാകി ഒന്നാക്കിയ ഈ പാത ഇനി ഭാരത് ജോഡോ റോഡ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഖാദി ഗ്രാമോദയ് കേന്ദ്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ദളിതരും ലിംഗായത്ത് വിഭാഗക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍കൈയെടുത്തു. ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസ് നേക്കള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഇരുവിഭാഗങ്ങളും ഭക്ഷണം കഴിച്ചു. 1993 ല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച റോഡാണ് രാഹുല്‍ ഗാന്ധി കല്ലുകള്‍ പാകി ഭാരത് ജോഡോ റോഡ് എന്ന് നാമകരണം ചെയ്തത്.  30 വര്‍ഷങ്ങളായി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന ഭിന്നിപ്പും വിദ്വേഷവുമാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ ഇല്ലാതായത്.

ലിംഗായത്തുകളും ദളിതരും തമ്മിലുള്ള വിദ്വേഷത്തിന്‍റെ കഥ ഇങ്ങനെ:

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1993 ലാണ് ജാതി സ്പർദ്ധയുടെ പ്രതീകമായി മൈസൂർ-ചാമരാജനഗർ സംസ്ഥാന പാതയോരത്തെ ഒരു സാധാരണ ഗ്രാമമായ ബദനവാലു മാധ്യമ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. ബദനവാലു ലിംഗായത്ത് സമുദായത്തിന്‍റെ ആധിപത്യമുള്ള ഗ്രാമമായിരുന്നു. അവിടത്തെ ദളിതരും ലിംഗായത്തുകളും തമ്മിൽ കാലങ്ങളായി സാമൂഹിക ഇടപെടലുകൾ ഉണ്ടായിരുന്നില്ല. ആ ഗ്രാമത്തിൽ സിദ്ധേശ്വര സ്വാമിയുടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ലിംഗായത്തുകൾ എല്ലാ ഗ്രാമവാസികളിൽ നിന്നും ക്ഷേത്രം പുതുക്കാൻ പണം ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രം നടത്തിപ്പില്‍ പങ്കില്ലാത്തതിനാനും ഉത്സവങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ലാത്തതിനാലും ഗ്രാമത്തിലെ ദളിതർ ക്ഷേത്രം പുതുക്കിപ്പണിയാനുള്ള അഭ്യർത്ഥന നിരസിച്ചു. ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയാല്‍ മാത്രമേ ക്ഷേത്ര പുനരുദ്ധാനരണത്തിന് പണം നല്‍കൂ എന്ന നിബന്ധനയും ദളിത് വിഭാഗം മുന്നോട്ടുവെച്ചു. ഇതിന് ലിംഗായത്തുകാർ സമ്മതിച്ചു.

എന്നാല്‍ ക്ഷേത്രം പുനരുദ്ധരിച്ചതോടെ ലിംഗായത്തുകാര്‍ വാക്ക് പാലിച്ചില്ല. തങ്ങളുടെ നേതാക്കളെ ക്ഷണിക്കാതെ ക്ഷേത്രോദ്ഘാടനം നടത്തിയത് ബദനവാലുവിലെ ദളിത് വിഭാഗത്തെ രോഷാകുലരാക്കി. എന്നാല്‍ തൊട്ടുകൂടായ്മ പറഞ്ഞ് ലിംഗായത്ത് സമുദായം ദളിതർ ഇടപെടുന്നതിനെ എതിർത്തു. ഇതോടെ ദളിത് വിഭാഗം പ്രതിഷേധമുയർത്തി ക്ഷേത്രം പൂട്ടിച്ചു. ഇതിന്‍റെ പ്രതികാരമെന്നോണം ദളിത് യുവാക്കളെ ആക്രമിക്കാൻ ലിംഗായത്തുകൾ പദ്ധതിയിട്ടു. 1993 മാർച്ച് 25 ന് സമീപഗ്രാമമായ ഹനിയമ്പാടിയിൽ പോയി മടങ്ങിയ ദളിത് വിഭാഗത്തെ ലിംഗായത്തുകള്‍ പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ സ്കൂളിലെ പ്രധാനാധ്യാപകനും മകനും ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പിന്നാലെ ദളിത് സംഘടനകള്‍ കൊലപാതകങ്ങളെയും അക്രമത്തെയും അപലപിച്ച് നഞ്ചൻകോട് ടൗണിൽ മാമാങ്ക റാലി നടത്തി വന്‍ പ്രതിഷേധം ഉയർത്തി. ചാമരാജനഗർ താലൂക്കിലെ ഉമ്മത്തൂർ ഗ്രാമം ലിംഗായത്തുകളുടെ ഭൂരിപക്ഷ ഗ്രാമമായിരുന്നു. ദളിത് പ്രതിഷേധക്കാർ ഉമ്മത്തൂർ ഗ്രാമം വളഞ്ഞ് 50 ഓളം വീടുകൾ കത്തിക്കുകയും ലിംഗായത്തുകളുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഉമ്മത്തൂർ ഗ്രാമത്തിന് തീയിട്ടതോടെ പോലീസ് സ്ഥലത്തെത്തി. ലാത്തിച്ചാർജില്‍ പ്രതിഷേധം നിയന്ത്രിക്കാനാകാതെ വന്നതോടെ വെടിവെപ്പ് നടത്തി. രണ്ട് ദളിതർ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം ദളിതർക്കും ലിംഗായത്തുകൾക്കുമിടയിൽ ആഴത്തിലുള്ള വിഭജനത്തിന് കാരണമായി. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു സംഭവമായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം ദളിതരും ലിംഗായത്തുകളും തമ്മിൽ കാലങ്ങളായി സാമൂഹിക ഇടപെടലോ സൗഹൃദമോ ഉണ്ടായിരുന്നില്ല.

ഭാരത് ജോഡോ യാത്രയുടെ സന്ദേശം

ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന സന്ദേശം വിദ്വേഷവും ഭിന്നതയും പരത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചെറുത്ത് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തുക എന്നതാണ്. മോദി ഭരണത്തില്‍ രാജ്യത്ത് കുതിച്ചുകയറുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവ യാത്രയിലുടനീളം രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 3571 കിലോമീറ്ററുകള്‍ താണ്ടി കശ്മീരിലാണ് സമാപിക്കുന്നത്. തമിഴ്നാട്, കേരളം സംസ്ഥാനങ്ങള്‍ പിന്നിട്ട യാത്ര കർണാടകയില്‍ പര്യടനം തുടരുകയാണ്. അഭൂതപൂർവമായ ജനപിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. വിദ്വേഷത്തെയും വെറുപ്പിനെയും ഭിന്നിപ്പിനെയും അകറ്റി സ്നേഹത്തിലും സാഹോദര്യത്തിലും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന മഹത്തായ സന്ദേശം നല്‍കിയാണ് ജനങ്ങളെ ചേർത്തുപിടിച്ച് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്നത്.

 

 

Comments (0)
Add Comment