തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിന്‍റെ സ്മരണകളുറങ്ങുന്ന പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ കേരളപര്യടനത്തിന്‍റെ രണ്ടാം ദിവസമായ ഇന്നാണ് അദ്ദേഹം രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ കെടാത്ത ഓർമ്മകള്‍ പേറുന്ന പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത്.
രാവിലെ 7 മണിയോടെ നേമത്ത് നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര 9.30 ഓടെയാണ് പാളയത്തെത്തിയത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കൂട്ടം രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം തുർന്ന യാത്ര 10 മണിയോടെ പട്ടത്ത് എത്തിച്ചേർന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഓർമ്മയ്‌ക്കാണ് പാളയത്ത് 1957 ല്‍ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ഉദ്ഘാടനം നിർവഹിച്ചത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, യാത്രയുടെ സംസ്ഥാന കോർഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, കെ മുരളീധരന്‍ എംപി, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് 4 മണിയോടെ യാത്രയുടെ രണ്ടാം ഘട്ടം പട്ടത്തുനിന്ന് പുനരാരംഭിക്കും. രാത്രി 7 മണിയോടെ കഴക്കൂട്ടത്താണ് ഇന്നത്തെ യാത്രയുടെ സമാപനം. 19 ദിവസങ്ങളാണ് ഭാരത് ജോഡോ പദയാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്.