‘തന്‍റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന  ഏകാധിപതി’: പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, July 14, 2022

ന്യൂഡല്‍ഹി: അഴിമതിക്കാരന്‍, ഏകാധിപതി, മുതലക്കണ്ണീര്‍ തുടങ്ങി പാർലമെന്‍റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമർശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ഉള്‍പ്പെടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 65 വാക്കുകളാണ് അണ്‍പാർലമെന്‍ററി പട്ടികയില്‍ പുതുതായി കേന്ദ്ര സർക്കാർ ഉള്‍പ്പെടുത്തിയത്.

‘അണ്‍പാര്‍ലമെന്‍ററി’ എന്ന പദത്തിന് പുതിയ നിര്‍വചനം നല്‍കികൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ‘പ്രധാനമന്ത്രി സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുമായ വാക്കുകള്‍’ എന്നാണ് അണ്‍പാര്‍ലമെന്‍ററി എന്നതിന്‍റെ പുതിയ അർത്ഥം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

‘തന്‍റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന  കപടവാഗ്ദാനം മാത്രം നല്‍കുന്ന ഏകാധിപതി’ എന്നും പാർലമെന്‍റില്‍ സംസാരിക്കാന്‍ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പുതിയ ഇന്ത്യക്ക് പുതിയ നിഖണ്ടു എന്ന തലക്കെട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.