മോദി സര്‍ക്കാരിന്റെ കര്ഷകസ്നേഹത്തിലെ കാപട്യം തുറന്നുകാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള സഹായത്തിലെ പൊള്ളത്തരമാണ് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയത്. വന്‍ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 17 രൂപയാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വന്‍ പ്രഖ്യാപനമെന്ന രീതിയിലാണ് കര്‍ഷകര്‍ക്കുള്ള സഹായത്തെ ബി.ജെ.പി പുകഴ്ത്തുന്നത്. വര്‍ഷത്തില്‍ 6,000 രൂപയാണ് ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചത്. അതായത് പ്രതിദിനം കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 17 രൂപ. അതേസമയം രാജ്യത്തെ 15 വന്‍കിട വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സര്‍ക്കാര്‍ എഴുതി തള്ളിയതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
റഫാല്‍ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരംപോലും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയാറാകാത്തതിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായി വിമര്‍ശിച്ചു. ‘കഴിഞ്ഞദിവസം രാജ്യത്തിന്റെ കാവല്ക്കാരന് പാര്‍ലമെന്റിലെത്തി. 1 മണിക്കൂറും 45 മിനിറ്റും സംസാരിച്ചു. പക്ഷേ റഫാലിനെക്കുറിച്ച് ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.
അഴിമതി അവസാനിപ്പിക്കുമെന്ന് പറഞ്ഞാണ് മോദിയും കൂട്ടരും അധികാരത്തിലെത്തിയത്. എന്നാല്‍ പിന്നീട് നടന്നത് എല്ലാവരും കണ്ടതാണ്. കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചതുപോലെ കേന്ദ്രത്തിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.