ആൽവാറിൽ കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, May 16, 2019

രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.   യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം.  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തനിക്കിത് രാഷ്ട്രീയ വിഷയമല്ലെന്നും വൈകാരിക പ്രശ്‌നമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏപ്രിൽ 26ന് ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ദളിത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്.

വിജനമായ സ്ഥലത്തുവെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തിയ അഞ്ചംഗ അക്രമി സംഘം ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് അവര്‍ ദമ്പതികളെ മോചിപ്പിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.