പ്രധാനമന്ത്രി CBI ഡയറക്ടറെ മാറ്റിയത് റഫാല്‍ അഴിമതി മറയ്ക്കാന്‍: രാഹുല്‍ ഗാന്ധി

സി.ബി.ഐയിലെ കേന്ദ്രസർക്കാർ ഇടപെടലില്‍ പ്രധാനമന്ത്രിക്ക് രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ അഴിമതി മറയ്ക്കാനാണ് പ്രധാനമന്ത്രി സി.ബി.ഐ ഡയറക്ടറെ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

സി.ബി.ഐ ഓഫീസറെ നിയമിക്കാനും പുറത്താക്കാനും അധികാരം 3 പേരടങ്ങിയ കമ്മിറ്റിക്കാണെന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ കമ്മിറ്റിയാണത്. രാത്രി 2 മണിക്ക് പ്രധാനമന്ത്രി സി.ബി.ഐ ഡയറക്ടറെ മാറ്റിയതിനെ കോൺഗ്രസ് അധ്യക്ഷൻ പരിഹസിച്ചു. ഇത് രാജ്യത്തിനാകെ നാണക്കേടാണെന്ന് പറഞ്ഞ അദേഹം റഫാൽ അഴിമതി മറയ്ക്കാൻ ആണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയതെന്നും കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി അനിൽ അംബാനിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്‍റെ 30,000 കോടി പ്രധാനമന്ത്രി അംബാനിക്ക് കൊടുത്തു. പ്രധാനമന്ത്രിക്ക് സി.ബി.ഐ ഡയറക്ടറെ മാറ്റാനുള്ള അധികാരമില്ലെന്ന് പറഞ്ഞ രാഹുൽഗാന്ധി റഫാൽ അഴിമതി സി.ബി.ഐ കണ്ട് പിടിക്കുമെന്ന് പ്രധാനമന്ത്രി ഭയക്കുന്നുവെന്നും പറഞ്ഞു.

പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിച്ചതും നിയമപരമല്ല. അയാളുടെ പേരിൽ കേസുകളുണ്ട്. പുതിയ ഡയറക്ടറുടെ സംരക്ഷകൻ പ്രധാനമന്ത്രിയാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ മോദിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ അദേഹം ഭരണഘടനാ സ്ഥാപനങ്ങളെ മോദി ആക്രമിക്കുകയാണെന്നും പറഞ്ഞു.

റാഫേൽ ഇടപാട് പ്രധാനമന്ത്രി സ്വയം തിരുത്തി. ഇത് പ്രതിരോധ മന്ത്രാലയമോ മന്ത്രിയോ അറിഞ്ഞില്ല. ആദ്യമായാണ് ഒരു വിദേശ രാജ്യത്തെ പ്രസിഡന്‍റ് ഇന്ത്യയുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്നത് എന്നിട്ടും മോദി പ്രതികരിച്ചില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

rahul gandhinarendra modirafale
Comments (0)
Add Comment