‘എതിര്‍ക്കുന്നവരെ കൊലപ്പെടുത്തി അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ട’ : സി.പി.എമ്മിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, March 14, 2019

Rahul-Janamaharali

കോഴിക്കോട് നടന്ന ജനമഹാറാലിയില്‍ സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍‌ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ജനമഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അക്രമം ദുര്‍ബലരുടെ ആയുധമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി സി.പി.എമ്മിന്‍റെ കൊലക്കത്തി രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചു.

എതിര്‍ക്കുന്നവരെ കൊലചെയ്യുന്ന സി.പി.എം അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സി.പി.എം അനുവര്‍ത്തിക്കുന്നത് ഹിംസാധിഷ്ഠിത രാഷ്ട്രീയമാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്നും ഹിംസയെ അഹിംസ കൊണ്ട് എതിര്‍ക്കുന്ന പ്രസ്ഥാനമാണ്. സി.പി.എമ്മിന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കും. കേരളം നീതിയുടെ നാടാണെന്നും രാഹുല്‍ ഓര്‍മപ്പെടുത്തി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കും.

കേരളം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ എവിടെയായിരുന്നു സി.പി.എം സര്‍ക്കാരെന്ന് രാഹുല്‍ ചോദിച്ചു. പ്രളയബാധിതര്‍ക്കായി സി.പി.എം സര്‍ക്കാര്‍ എന്താണ് ചെയ്തെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം ആകെ ചെയ്തുകൊണ്ടിരിക്കുന്നത് അക്രമം മാത്രമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ സി.പി.എമ്മിന് ഉത്തരമില്ല. കശുവണ്ടി മേഖലയില്‍ മൂന്ന് ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. കശുവണ്ടി സംസ്കരണ ഫാക്ടറികള്‍ അടച്ചുപൂട്ടി. റബര്‍ വ്യവസായമേഖലകളും തകര്‍ച്ചയെ നേരിടുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ശക്തമാണ്. സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി ജനമഹാറാലിയില്‍ പറഞ്ഞു. വന്‍ ജനാവലിയായിരുന്നു ജനമഹാറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കാണാനും കേള്‍ക്കാനുമായി എത്തിച്ചേര്‍ന്നത്.