എന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം ; കോൺഗ്രസിന് പ്രതീക്ഷയുള്ള കാലഘട്ടമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, March 22, 2021

 

കൊച്ചി : മൂല്യങ്ങൾ ഇല്ലാത്ത രാഷ്ട്രീയത്തിന് നിലനിൽപ്പില്ലെന്ന്  രാഹുൽ ഗാന്ധി. താൻ എന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളും എന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് പ്രതീക്ഷയുള്ള കാലഘട്ടമാണ് ഇതെന്നും രാഹുൽ പറഞ്ഞു. എറണാകുളം സെന്‍റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കും. എന്നാൽ ഉയർത്തുന്ന ആശയങ്ങൾ നിലനിൽക്കും എന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. സ്ത്രീ സുരക്ഷയെ കുറിച്ച് വിദ്യാർത്ഥിനികൾ ആശങ്ക പ്രകടിപ്പിച്ചു. ആന്തരികമായി സ്ത്രീകൾ തയ്യാറാവണം എന്നായിരുന്നു രാഹുലിന്റെ മറുപടി.

രാജ്യത്തിന്റെ പ്രതിരോധ സാമ്പത്തിക രംഗങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. രാജ്യാതിർത്തികളിലെ പ്രതിരോധം പരമ പ്രധാനമാണ്. പ്രതിരോധ രംഗത്ത് ബുദ്ധിപൂർവമായ നയപരിപാടികൾ വേണം. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരകയറിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥത നിലനിൽക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. നാനാത്വമാണ് ഇന്ത്യയുടെ ശക്തി. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളോടും സംവദിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു