കല്‍പ്പറ്റ : വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിച്ചു. നാളെയും മറ്റന്നാളും വയനാട് ലോക്സഭ മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയിലും പങ്കെടുക്കും.
ഡല്‍ഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഉച്ചക്ക് 12:30 ന് നടക്കും. തൃകൈപ്പറ്റ മുതൽ മുട്ടിൽ ബസ് സ്റ്റോപ്പ് വരെ 6 കിലോ മീറ്റർ ദൂരമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. നൂറോളം ട്രാക്ടറുകളും, ആയിരത്തോളം കർഷക തൊഴിലാളികളും രാഹുൽ ഗാന്ധിക്ക് ഒപ്പം അണിനിരക്കും. റാലിക്ക് ശേഷം കർഷക സംഗമത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം 2 മണിയോടെ വയനാട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് തിരിക്കും.
വാണിയമ്പലം റെയിൽവേ പ്ലാറ്റ്ഫോം, ചെറുകോട് വനിതാ സഹകരണ സംഘം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിലമ്പൂരിലെ ആദിവാസി സംഗമം ഉദ്ഘാടനം തുടങ്ങിയ പരിപാടികളോടെ തിങ്കളാഴ്ചത്തെ സന്ദർശനം പൂർത്തിയാക്കും. 23ന്എടവണ്ണ ഓർഫനേജ് പോളി ടെക്നിക് സ്കൂൾ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവ്വഹിക്കും. 11.30 സീതിഹാജി മെമ്മോറിയൽ ക്യാൻസർ സെന്‍റർ സന്ദർശിക്കുന്ന അദ്ദേഹം 12.30 നു കുഴിമണ്ണ ഹൈടക് സ്കൂൾ ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ പരിപാടികൾ പൂർത്തിയാക്കും. തുടർന്ന് 1.40 നു പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.