‘പ്രധാനമന്ത്രിയാകേണ്ടത് രാഹുല്‍’: ജെ.ഡി.എസ് പിന്തുണ ഉറപ്പെന്ന് കുമാരസ്വാമി

ബെംഗളൂരു: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍-എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. രാഹുലിനെ പ്രധാനമന്ത്രിയായി കാണാന്‍ തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ ലക്ഷ്യത്തിലേക്കടുക്കാന്‍ രാഹുലിന് ജനതാദള്‍ സെക്യുലറിന്റെ പിന്തുണയുണ്ടാകുമെന്നും ദേശീയ വാര്‍ത്താ ചാനലിനോട് കുമാരസ്വാമി പറഞ്ഞു.

”രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നതില്‍ സംശയമില്ല. അതിനായുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അദ്ദേഹത്തിനും പാര്‍ട്ടിക്കുമൊപ്പം ഞങ്ങള്‍ ഉണ്ടാകും” കുമാരസ്വാമി പറഞ്ഞു. പിതാവും ജെ ഡി-എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയും പ്രധാനമന്ത്രി പദത്തിന് അര്‍ഹനാണെന്ന് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങളാണ് അതെന്നും കുമാരസ്വാമി പറഞ്ഞു.

”ഞാന്‍ പറഞ്ഞത് പ്രാദേശിക പാര്‍ട്ടികളെ കുറിച്ചാണ്. ബി ജെ പിയില്‍ ഉള്ളതിനേക്കാള്‍ കഴിവുള്ള നിരവധി നേതാക്കള്‍ ഇവിടെയുണ്ട്. മമതാ ബാനര്‍ജിയും മായാവതിയുമെല്ലാം അതില്‍പ്പെടുന്നവരാണ്. എന്നാല്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ‘അദ്ദേഹം പറഞ്ഞു.

മോദി വെറും കടലാസ് പുലിയാണ്. എന്നാല്‍ പക്വതവന്ന ഒരു രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. മോദി നന്നായി സംസാരിക്കും. അദ്ദേഹത്തിന്റെ പ്രസന്റേഷനും നല്ലതാണ്. അദ്ദേഹം സോഷ്യല്‍മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അദ്ദേഹത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്കും അറിയാം.” കുമാരസ്വാമി പറഞ്ഞു.

H.D Kumaraswamyrahul gandhi
Comments (0)
Add Comment