ഭാരത് ജോഡോ ന്യായ് യാത്ര; പൗരസമൂഹ സംഘടനകളുമായും ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ചുള്ള സംവാദത്തിനായി രാഹുൽ ഗാന്ധി പൗരസമൂഹ സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ദളിത് വിഭാഗക്കാർ, ആദിവാസികൾ, മറ്റു പിന്നാക്ക വിഭാഗക്കാർ, സ്ത്രീകൾ, തൊഴിൽരഹിതരായ യുവാക്കൾ, അസംഘടിത തൊഴിലാളികൾ എന്നിവരുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രതിനിധികൾ രാഹുൽ ഗാന്ധിയുമായി സംവദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് പൗരസമൂഹ സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. അവർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം തന്നെ രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ നീതിക്കുവേണ്ടി പോരാടാനുള്ള തന്‍റെ ദൃഢനിശ്ചയവും രാഹുൽ ഗാന്ധി അവർക്കു മുമ്പിൽ പ്രകടിപ്പിക്കുകയുണ്ടായി. നീതിക്കുവേണ്ടി പോരാടുന്ന എല്ലാവരെയും യാത്ര ഒരു വേദിയാക്കി മാറ്റാന്‍ അദ്ദേഹം ക്ഷണിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആർഎസ്എസും കാണിക്കുന്ന അനീതിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പ്രസ്ഥാനങ്ങളിലും പോരാടുന്ന എല്ലാവരുടെയും പങ്കാളിത്തം നിർണ്ണായകമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ അഭിയാൻ എന്ന സിവിൽ സൊസൈറ്റി സംഘടനകളുടെ വേദിയാണ് യോഗം സംഘടിപ്പിച്ചത്. സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് എന്നിവരും രാഹുൽഗാന്ധിക്കൊപ്പം വേദി പങ്കിട്ടു.

 

Comments (0)
Add Comment