എം.ഐ ഷാനവാസ് അനുസ്മരണ പരിപാടി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Friday, December 6, 2019

പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് രാഹുല്‍ ഗാന്ധി. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എം.ഐ ഷാനവാസ്‌ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവും രാഹുല്‍ ഗാന്ധി നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്ത് അരക്ഷിതാവസ്ഥയുടെയും അക്രമത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മതം, ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്ക് പ്രശ്നം നേരിടുന്ന ഘട്ടങ്ങളിലെല്ലാം രക്ഷാകവചം തീർത്ത് പാർട്ടിയെ സംരക്ഷിച്ചയാളാണ് എം.ഐ ഷാനവാസ്‌ എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ അനുസ്മരിച്ചു. പരിപാടിയിൽ ഡി.സി.സി പ്രസിഡന്‍റ്‌ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.പി അനിൽ കുമാർ എം.എൽ.എ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെത്തിയത്.