റായ്ബറേലി: ലോക്സഭാ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച തന്‍റെ മണ്ഡലമായ റായ്ബറേലി സന്ദർശിച്ചു. ആദ്യം ബച്‌രാവനിലെ ചുരുവ ഹനുമാൻ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥന നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സമ്മാനിച്ച തന്‍റെ നിയോജക മണ്ഡലത്തിലെ ജനങ്ങളോട് അദ്ദേഹം നന്ദി പ്രകാശിപ്പിക്കും. പാർട്ടി പ്രവർത്തകരുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് നേതാവ് പങ്കജ് തിവാരി പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ മണ്ഡല സന്ദർശനമാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.90 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പം അദ്ദേഹം പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും വന്‍ വിജയം നേടിയ രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്താന്‍ തീരുമാനിക്കുകയായിരുന്നു. വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കും.