രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തത് കൊവിഡ് അല്ല, നോട്ട്‌ നിരോധനവും ജിഎസ്ടിയും ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, November 8, 2020

നോട്ട്‌ നിരോധനത്തിന്‍റെ നാലാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം എന്ന നീക്കം ജനങ്ങളുടെ പണമെടുത്ത് തന്‍റെ ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പണമെടുത്ത് ‘മുതലാളിത്ത സുഹൃത്തുക്കളുടെ’ കോടികളുടെ വായ്പ എഴുതി തള്ളുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന് ഒരു തെറ്റ് പറ്റിയതാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും കരുതിക്കൂട്ടി ചെയ്തത് തന്നെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. #SpeakUpAgainstDeMoDisaster എന്ന ഹാഷ് ടാഗോടെ നടത്തിയ ട്വീറ്റില്‍ അദ്ദേഹം രാജ്യത്തെ ഒന്നാകെ ഗ്രസിച്ച ആ ദേശീയ ദുരന്തത്തിന്‍റെ നാലാം വാർഷികത്തില്‍ ജനങ്ങള്‍ അതിനെതിരെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൊവിഡാണ് സാമ്പത്തിക തകര്‍ച്ചയുടെ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കൊവിഡുണ്ടായിരുന്നില്ലേയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കൊവിഡല്ല കാരണം, നോട്ട് നിരോധനവും തെറ്റായ ജിഎസ്ടി പരിഷ്കരണവുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നശിപ്പിച്ചതെന്നും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

‘ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബംഗ്ലാദേശ് എങ്ങനെ മറികടന്നു. അവിടെയും കൊവിഡ് ഉണ്ടായിരുന്നു. നാല് വര്‍ഷം മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഹരം തുടങ്ങി. കര്‍ഷകരേയും തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും അദ്ദേഹം വേദനിപ്പിച്ചു. മന്‍മോഹന്‍ സിങ്ജി പറഞ്ഞു സമ്പദ് ഘടനയ്ക്ക് 2% ത്തിന്റെ നഷ്ടമുണ്ടാകുമെന്ന്. അതാണിപ്പോള്‍ നമ്മള്‍ കാണുന്നത്. കള്ളപ്പണത്തിനെതിരെയുള്ള ആക്രമണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അതങ്ങനല്ലായിരുന്നു. അത് പച്ച കള്ളമായിരുന്നു. അക്രമണം ജനങ്ങള്‍ക്ക് നേരെയായിരുന്നു. ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി മോദി തന്‍റെ രണ്ടു മൂന്ന് ചങ്ങാത്ത മുതലാളിമാര്‍ക്ക് നല്‍കി. നിങ്ങളാണ് വരിയിൽ കാത്തു നിന്നത്. അവരല്ല. നിങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണമെടുത്ത് മോദി തന്‍റെ ചങ്ങാത്ത മുതലാളിമാരുടെ 3,50,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി. അതിന് തുടർച്ചയായി തെറ്റായ ജിഎസ്ടി നടപ്പാക്കിയതിലൂടെ ചെറുകിട ഇടത്തരം ബിസിനസുകള്‍ നശിച്ചു. അത് അദ്ദേഹത്തിന്‍റെ കുറച്ച് മുതലാളിത്ത സുഹൃത്തുക്കള്‍ക്ക് വഴിതെളിച്ചു. പുതിയ നിയമം കൊണ്ടുവന്ന് ഇപ്പോള്‍ കര്‍ഷകരേയും ലക്ഷ്യമിട്ടിരിക്കുകയാണ്. അവരെയും നശിപ്പിക്കും. ഇന്ത്യയുടെ അഭിമാനത്തെ-സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു’ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.